മൂവാറ്റുപുഴ: കാര്‍ഷീക മേഖലയ്ക്ക് പുത്തനുണര്‍വ്വേകി സംസ്ഥാന കൃഷി വകുപ്പില്‍ നിന്നും മൂവാറ്റുപുഴയില്‍ ആഗ്രോ സര്‍വ്വീസ് സെന്റര്‍ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ ഇ.ഇ.സി.മാര്‍ക്കറ്റിലാണ് പുതിയ അഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം, മാറാടി, ആയവന പഞ്ചായത്തുകള്‍ പ്രവര്‍ത്തനമേഖലയാക്കിയാണ് ഇതിന്റെ പ്രവർത്തനം. . നിലവില്‍ മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള അഗ്രോ സര്‍വ്വീസ് സെന്റര്‍ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെയാണ് മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ അഗ്രോസര്‍വ്വീസ് സെന്റര്‍ അനുവദിച്ചിരിക്കുന്നത്. കാര്‍ഷീക മേഖലയില്‍ കൂടുതല്‍ ഉടപെടുന്നതിനും, കൃഷിയെ പരിപോക്ഷിപ്പിക്കുന്നതിനും അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയും. തൊഴിലാളികളുടെയും, കാര്‍ഷീക ഉപകരണങ്ങളുടെയും, ലഭ്യതകുറവ് മൂലം പലകര്‍ഷകരും കാര്‍ഷീക മേഖലയില്‍ നിന്നും പിന്നോക്കം പോകുകയാണ്. ഇതേ തുടര്‍ന്ന് നിയോജക മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും കൃഷിയിറക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ തരിശായി കിടക്കുന്നുമുണ്ട്. അഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഇവിടങ്ങളിലെല്ലാം കൃത്യമായ ഇടപെടല്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കാര്‍ഷീക മേഖലയ്ക്കാവശ്യമായ യന്ത്രങ്ങളും, മനുഷ്യ വിഭവ ശേഷിയും ഒരുക്കുക എന്നതാണ് അഗ്രോ സര്‍വ്വീസ് സെന്ററിന്റെ മുഖ്യലക്ഷ്യം. ട്രാക്ടര്‍, ടില്ലര്‍, കാടുവെട്ടുന്ന യന്ത്രം, തെങ്ങ് കയറ്റത്തിന് ഉപയോഗിക്കുന്ന യന്ത്രമടക്കമുള്ളവ സെന്ററില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭ്യമാകും. ഇതിന് പുറമെ കൃഷി ജോലി ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നല്കിയ ടെക്നിഷ്യന്‍ മാരെയും ഇവിടെനിയമിക്കും. കര്‍ഷകരുടെ കൃഷി സ്ഥലം കണ്ടെത്തി നിലമൊരുക്കല്‍, ആവശ്യമായ നടീല്‍ വസ്തുക്കള്‍, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവയുടെ വിതരണം തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. പൂര്‍ണ്ണമായും യന്ത്ര വല്‍ക്കരണത്തിലൂടെ ലാഭകരമായ കൃഷി സാധ്യമാക്കുക, തെങ്ങ് കയറ്റം ഉൾപ്പടെയുള്ള ജോലികൾ ഏറ്റെടുക്കുക വഴി തെങ്ങ് കൃഷിയോട് കര്‍ഷകര്‍ക്ക് ആഭിമുഖ്യമുണ്ടാക്കുക, തരിശ് ഭൂമികളില്‍ പാട്ടത്തിന് കൃഷി ഇറക്കുക, ഹൈടെക് കൃഷി രീതികള്‍, മഴമറകള്‍, ട്രിപ്പ്, ഫെര്‍ട്ടി ഗോഷന്‍ എന്നിവ നടപ്പിലാക്കുക തുടങ്ങിയവയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ കൃഷി വകുപ്പിന്റെ വിവിധ പദ്ധതികൾ സമയബന്ധിതമായി കര്‍ഷകരില്‍ എത്തിക്കുന്നതിനും അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ക്ക് കഴിയും. കാര്‍ഷിക ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനും, കര്‍ഷിക ടെക്നിഷ്യന്മാര്ക്ക് പരിശീലനം നല്കുന്നതിനുമുള്ള സ്ഥല സൗകര്യങ്ങളുള്ളതിനാല്‍ കൃഷി വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ ഇ.ഇ.സി.മാര്‍ക്കറ്റിലാണ് പുതിയ അഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.