കൊച്ചി: അതിഥി തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചതോടെ ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വർധിച്ചതായി കണയന്നൂർ താലൂക്ക് വികസന സമിതി ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം 7 കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്തെന്ന് എക്സൈസ് വകുപ്പ് പറഞ്ഞു . തൃപ്പൂണിത്തുറ ഗവൺമെൻറ് ഗേൾസ് സ്കൂളിന് സമീപത്തെ റോഡുകളിലും കത്രിക്കടവ് വില്ലേജ് ഓഫീസിന് പുറക് വശത്തും ലഹരി വസ്തുക്കളുടെ ഉപയോഗവും സാമൂഹ്യ വിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്നും പരാതി ഉയർന്നു.

മണക്കുന്നം വില്ലേജിൽ തോട് നികത്തി മതിൽകെട്ടി എന്ന പരാതിയിൽ ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡൻറും സെക്രട്ടറിയും വികസന സമിതിയിൽ പങ്കെടുക്കാത്തതിൽ സമിതി അതൃപ്തി രേഖപ്പെടുത്തി.

താലൂക്കിന്റെ പരിധിയിൽ പട്ടയം വേഗത്തിൽ കൊടുക്കാൻ നടപടി സ്വീകരിക്കും. കോണോത്ത് പുഴയുടെ പുനരുജ്ജീവനത്തിന് എത്രയും വേഗം നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നു . നിലവിൽ കോണോത്ത് പുഴ എക്കൽ, പോള , മാലിന്യ നിക്ഷേപം, കയ്യേറ്റം, അശാസ്ത്രീയ നിർമ്മാണ ” ””ങ്ങൾ എന്നിവ മൂലം ഒഴുക്കില്ലാത്ത അവസ്ഥയിലാണ്. ഇത് മൂലം കൃഷി നാശം , വിവിധ പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ലെഡിന്റെ അംശവും, അമ്ലതയും വെള്ളത്തിനുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിൽ ക്യാൻസർ ബാധിതരുടെ എണ്ണവും കൂടുതലാണ്. ആലുവ എളമക്കര കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യമുയർന്നു.

സർവീസിലിരിക്കെ വീരമൃത്യുവരിച്ച ജവാന്മാരുടെ മരണസർട്ടിഫിക്കറ്റ് ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട് അവരുടെ കുടുംബങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നു. ഇത് ഒഴിവാക്കുന്നതിനായി വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യമുയർന്നു. ദേശീയപാതക്കായി ചേരാനെല്ലൂർ ബട്ടർഫ്ലൈ റൗണ്ടിലെ സ്ഥലം എടുക്കുമ്പോൾ ചേരാനല്ലൂർ കുടുംബാരോഗ്യ കേന്ദ്രം 4 ആരാധനാലയങ്ങൾ എന്നിവ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു. ഗോകുലം കൺവെൻഷൻ സെന്ററിന് സമീപം നാടോടികൾ താമസിക്കുന്നിടത്ത് പകർച്ചവ്യാധികൾ പടർന്ന് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അഭിപ്രായപ്പെട്ടു.

സ്കൂളുകൾക്ക് അടുത്തുള്ള ബസ് സ്റ്റോപ്പുകളിൽ ബസ് നിർത്തുന്നില്ല എന്ന കഴിഞ്ഞ വികസന സമിതിയിൽ വന്ന പരാതിയെ തുടർന്ന് നഗരത്തിൽ മോട്ടർ വാഹന വകുപ്പ് രണ്ട് സ്ക്വാഡുകൾ ആരംഭിച്ചു.

മറൈൻ ഡ്രൈവ് വോക്ക് വേയിൽ സീ വാളിന് സമീപം ഉന്ത് വണ്ടികളിൽ അനധികൃതമായ കച്ചവടങ്ങൾ വർദ്ധിക്കുന്നത് സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയർന്നു .
പുല്ലേപ്പടി ശ്മശാനം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യമുയർന്നു

പ്രവർത്തനരഹിതമായ പുല്ലേപ്പടി ശ്മശാനം നോക്കി നടത്തുന്ന ചന്ദ്രൻ പിള്ള പ്രതിമാസം നല്ലൊരു തുക കൈപ്പറ്റുന്നുണ്ടെന്ന് വികസന സമിതി അംഗങ്ങൾ ആരോപിച്ചു. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് കലൂർ കത്രിക്കടവ് ഭാഗങ്ങളിൽ കെഎസ്ഇബി വൈദ്യുതിമുടക്കം എന്ന പരാതി ഉയർന്നു. മെട്രോ പണി നടക്കുന്ന സ്ഥലങ്ങളിലെ റോഡുകളിൽ കോൺക്രീറ്റ് അറ്റകുറ്റപ്പണി മൂലം ബൈക്ക് അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. പ്രളയത്തിൽ വീട് പൂർണമായും തകർന്ന ചേരാനല്ലൂർ പഞ്ചായത്തിലെ 95 വീടുകളിൽ സ്ക്വാഡ് പരിശോധന നടത്തിയില്ല എന്ന് പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കുവിന്റെ പരാതി അപ്പീൽ കമ്മറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്ന് തഹസീൽദാർ പി.ആർ. രാധിക പറഞ്ഞു.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ആന്റണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് വികസന സമിതി അംഗങ്ങളായ പി.ആർ ബിജു, മനോജ് പെരുമ്പിള്ളി, വിനോദ് കുമാർ, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് സോണി ചീക്കു, കെഎസ്ഇബി, എക്സൈസ്, പിഡബ്ല്യൂഡി, പൊലീസ് , വാട്ടർ അതോറിറ്റി, ഡിഎംഒ ഓഫീസ്, തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.