മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ക്യാൻസർ വാർഡ് തുറക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യമുയർന്നു. നിലവിൽ ആസ്പത്രിയിൽ ക്യാൻസർ സർജന്റെ സേവനം ലഭ്യമാണ്. എന്നാൽ രോഗികളെ കിടത്തുന്നതിന് വാർഡില്ലാത്തതിനാൽ ഇവിടെയെത്തുന്ന രോഗികൾ മറ്റിടങ്ങളെ ആശ്രയിക്കുകയാണ്. സാധാരണക്കാരായ രോഗികൾക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നഗരത്തിലെ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.ഇഴഞ്ഞു നീങ്ങുന്ന കാവുങ്കര – ഇരമല്ലൂർ റോഡിലെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇവിടെ നിന്നുള്ള ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. രൂക്ഷമായ വേനലിനെ നേരിടാൻ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന ആവശ്യവും യോഗത്തിലുയർന്നു. യോഗത്തില്‍ പോലീസിനെതിരെയും വിമർശനമുയർന്നു. ആവോലി പഞ്ചായത്ത് മെമ്പർ അയ്യൂബ് ഖാനാണ് മുവാറ്റുപുഴ പോലീസിനെതിരെ വിമർശനമുന്നയിച്ചത്. അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളജിൽ മരിച്ച കിഴക്കേക്കര സ്വദേശിയുടെ പോസ്റ്റുമോർട്ടം നടപടികൾ പോലീസിന്റെ അനാസ്ഥയെ തുടർന്ന് ഒരു ദിവസം വൈകിയതാണ് പഞ്ചായത്തംഗത്തിന്റെ പരാതിക്കാധാരമായത്. മുൻകൂട്ടി മൂവാറ്റുപുഴ പോലീസിനെ വിവര മറിയിച്ചിട്ടും ചുമതലപ്പെടുത്തിയ പോലീസുദ്യോഗസ്ഥൻ എത്താൻ വൈകുകയായിരുന്നു. ഇതിന് പുറമേ കിഴക്കേക്കര മേഖലയില്‍ രാത്രികാലങ്ങളിലുള്ള അനധികൃത മണ്ണെടുപ്പിനും പാടം നികത്തലിനുമെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലന്നും അയ്യൂബ് ആരോപിച്ചു. തുടർന്ന് റവന്യൂ വകുപ്പിനെ അറിയിക്കുകയായിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം നഗരസഭ ചെയര്മാന് പി.പി.ജോസ്, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പായിപ്ര കൃഷ്ണന്, ഒ.സി.ഏലിയാസ്, തഹസീല്‍ദാര്‍ പി.എസ്.മധുസൂധനന് എന്നിവര്‍ സംമ്പന്ധിച്ചു.
