കൊച്ചി: തനത് കരകൗശല കൈത്തറി ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേളയിൽ ദൃശ്യ വിസ്മയമൊരുക്കി ദേശീയ അവാർഡ് ജേതാവായ ശിവകുമാറിന്റെ വൈദിക് മെറ്റൽ ആർട്സ്. പ്രദർശന വിപണനമേള കാണാനെത്തുന്നവരെ വേദിക് മെറ്റൽ ആർട്ട് ശില്പങ്ങൾ അത്ഭുതപ്പെടുത്തുകയാണ്. വീടും ഓഫീസുമെല്ലാം അലങ്കരിക്കാൻ അനുയോജ്യമായ ശില്പങ്ങളുടെ മനോഹരമായ ശേഖരമാണ് ശിവകുമാറിന്റെ കരവിരുതിൽ മേളയിൽ ഒരുങ്ങിയിരിക്കുന്നത്.
വൈദിക കാലത്ത് നിലനിന്നിരുന്ന ആചാരങ്ങളും വിശ്വാസങ്ങളും മുൻനിർത്തിയാണ് ഓരോ ശില്പവും നിർമ്മിക്കുന്നത്. ഗ്രാസ്, കോപ്പർ, സിൽവർ, ചെമ്പ്, പിച്ചള, വെള്ളി എന്നീ ലോഹങ്ങളിലാണ് ശില്പങ്ങള്‍ തീര്‍ത്തിരിക്കുന്നത്.
1600 രൂപ മുതൽ 6 ലക്ഷം രൂപ വില വരെയുള്ള ശിൽപങ്ങളാണ് പ്രദർശന വിപണന മേളയിൽ വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. 2013 നാഷണൽ അവാർഡ് കിട്ടിയ കാമധേനുവും കല്‍പ വൃക്ഷവും എന്ന ശില്‍പവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ചന്ദ്രൻ, സൂര്യൻ, ശിവൻ, ഗണപതി, കാമധേനു, കല്പവൃക്ഷം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ശിൽപം തയ്യാറാക്കിയിരിക്കുന്നത്. മൂന്നു ലോകങ്ങളിൽ ദേവത സങ്കല്പം അനുസരിച്ചാണ് ശില്പം തയ്യാറാക്കിയിരിക്കുന്നത്. ഒമ്പത് മാസം കൊണ്ടാണ് ശില്പം പൂര്‍ത്തിയാക്കിയത്. 6 ലക്ഷമാണ് ശില്പത്തിന്റെ വില. 2016 സുന്ദരേശ്വർ എന്ന ശില്പത്തിനും ടൂറിസം ക്രാഫ്റ്റ് അവാർഡ് കിട്ടിയിട്ടുണ്ട്.
ലോഹങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഇലകളും പൂക്കളും കൗതുകം ജനിപ്പിക്കുന്നവയാണ്. അതാത് ലോഹങ്ങളുടെ വര്‍ണത്തിന്റെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടാണ് നിര്‍മാണ രീതി. വൈദിക അറിവും ശില്പ നിര്‍മാണത്തില്‍ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പാരമ്പര്യമായി കിട്ടിയ അറിവിൽ നിന്നാണ് മെറ്റൽ ആർട്സ് ചെയ്യുന്നത്. വിദേശ രാജ്യത്തേക്കും ഒരുപാട് ശില്പങ്ങൾ ശിവ കുമാർ ചെയ്തുകൊടുക്കുന്നുണ്ട്. മെറ്റൽ ക്രാഫ്റ്റിൽ 28 കുട്ടികൾക്ക് സൗജന്യമായി ശിവകുമാർ ഇപ്പോൾ പരിശീലനം നൽകുന്നുണ്ട്. മെറ്റൽ ക്രാഫ്റ്റിൽ ആളുകൾ കുറവായതിനാൽ കല അന്യം നിന്ന് പോകാതിരിക്കാനും ആളുകൾക്ക് ഇതേ കുറിച്ച് അറിവും പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് അഖിലേന്ത്യ കരകൗശല കൈത്തറി വസ്തുക്കളുടെ പ്രദർശന വിപണന മേളയായ കൈരളി ക്രാഫ്റ്റ് ബസാറിൽ എത്തിയിരിക്കുന്നതെന്ന് ശിവകുമാർ പറയുന്നു.
ഫോട്ടോ ക്യാപ്ഷൻ: നാഷണൽ അവാർഡ് കിട്ടിയ കാമധേനുവും കല്പവൃക്ഷവും എന്ന ശില്പത്തിനരികിൽ ശിവകുമാർ.