കൊച്ചി : സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ചെലവഴിച്ചെന്ന നേട്ടവുമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്.
2018 – 19 സാമ്പത്തിക വർഷത്തിൽ പദ്ധതി പ്രവർത്തനങ്ങളിൽ 92.84 ശതമാനം തുക ചിലവഴിച്ച് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമതെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അറിയിച്ചു.

കേരളത്തിലെ 152 ബ്ളോക്ക് പഞ്ചായത്തുകളിൽ നൂതന പദ്ധതികൾ ഉൾപ്പടെ സമയബന്ധിതമായി നടപ്പാക്കിയാണ് കൂവപ്പടി ബ്ലോക്ക് ഈ നേട്ടം കൈവരിച്ചത്. മുൻ വർഷവും 100 % തുക ബ്ലോക്ക് പഞ്ചായത്ത് ചില വഴിച്ചിരുന്നു.
ആരോഗ്യ മേഖലയിൽ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്.

നേത്രപടല അന്ധത കണ്ടെത്താൻ കഴിയുന്ന നോൺ മൈഡ്രിയാറ്റിക് ഫണ്ടസ് ക്യാമറ ,കോശങ്ങളിലെ ഷുഗർ കണ്ടെത്താൻ കഴിയുന്ന എച്ച് ബി.എ വൺ സി അനലൈസർ ,ഫിസിയോ തൊറാപ്പി യൂണിറ്റ് ,വൃക്കരോഗികളെ പരിചരിക്കുന്ന പാലിയേറ്റീവ് യൂണിറ്റ് എന്നിവ ഉൾപ്പടെയുള്ള പദ്ധതികൾ വിജയകരമായി നടപ്പിലാക്കി. ബഡ്സ് സ്ക്കൂൾ ,ഭിന്ന ശേഷിക്കാർ ,വൃദ്ധർ ,വനിതകൾ കുട്ടികൾ എന്നിവർക്കായുള്ള പദ്ധതികൾ, നെൽ-ക്ഷീരകർഷകരെ സഹായിക്കാനുള്ള പദ്ധതികൾ എന്നിവയും നടപ്പിലാക്കി.

മണ്ണ് സംരക്ഷണം ജലസേചന നവീകരണം എന്നിവ ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതികളും നടപ്പിലാക്കി. ചിറകൾ ,തോടുകൾ എന്നിവ ആഴം കൂട്ടി. നിരവധി തടയണകൾ നിർമ്മിച്ച് സമീപപ്രദേശത്തെ ജലവിതാനം ഉയർത്തി.

ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സോളാർ പാനൽ ,എസ് സി കോളനികളിൽ സോളാർ പദ്ധതി നടപ്പിലാക്കി. മുഴുവൻ അം‌ഗൻവാടികൾക്കും ശിശു സൗഹൃദഉപകരണം നൽകി. കോടനാട് ആന വളർത്തൽ കേന്ദ്രത്തിൽ നൂതന പദ്ധതിയായി നടപ്പാക്കിയ ആന പിണ്ഡത്തിൽ നിന്നും ജൈവവളവും മൃഗ വിസർജജ്യത്തിൽ നിന്നും പാചകഗ്യാസും ഉത്പാദിപ്പിക്കുന്ന പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യത്തെ പദ്ധതിയാണ്‌. പൊങ്ങൻചുവടു ആദിവാസി മേഖലയിൽ വിവിധ ഭവന നിർമ്മാണ പദ്ധതികൾ , പൊതു ശൗചാലയ നിർമാണം എന്നിവയും നടപ്പിലാക്കി.
സ്കൂളുകളിൽ സ്ത്രീ സൗഹൃദ ടോയ്ലെ റ്റുകൾ സ്ഥാപിയ്ക്കുകയും ചെയ്തു.
തൊഴിലുറപ്പു മേഖലയിൽ 12 കോടി രൂപ ചെലവഴിക്കുകയും, ഇതിലൂടെ 401516 തൊഴിൽദിനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പി.എം.എ.വൈ പദ്ധതി പ്രകാരം 40 വീടുകളുടെ നിർമ്മാണം പൂർത്തിയായി. എം.കെ.എസ്.പി-യിൽ ബയോആർമി രൂപീകരിച്ചു തെങ്ങുകയറ്റത്തിനുള്ള യന്ത്ര സാമഗ്രികൾ വിതരണം ചെയ്യുകയും ഇതിലൂടെ വനിതകൾക്ക് തൊഴിലും സ്ഥിരവരുമാനവും ലഭ്യമാക്കുകയും ചെയ്തു.