കാക്കനാട്: ജില്ലയില്‍ സുനാമി ഇറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് ജില്ലാ വികസനസമിതി നിര്‍ദ്ദേശം നല്‍കി. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് അംഗീകരിക്കാന്‍ കഴിയില്ല. നോട്ടീസ് അയച്ച് കാത്തിരിക്കുന്നത് ശരിയല്ല. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണിതെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ അഭിപ്രായപ്പെട്ടു.
സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമത്തില്‍ നിഷ്‌ക്കര്‍ഷിക്കും പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ അറിയിച്ചു. 2018 ഡിസംബര്‍ 25നാണ് കാക്കനാട് ഭാഗത്തു നിന്നും സുനാമി ഇറച്ചി കണ്ടെത്തിയത്. ഇറച്ചി നശിപ്പിക്കുകയും വില്‍പന നടത്തിയ കടയുടമക്കെതിരെ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉടമയില്‍ നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. മറുപടിക്കായി കാത്തിരിക്കാനാകില്ലെന്നും എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന മുവാറ്റുപുഴ മണ്ഡലത്തിലെ മാറാടി ഗ്രാമപഞ്ചായത്തിനു കീഴിലെ കായനാട് സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എല്‍ദോ എബ്രഹാം എം എല്‍ എയാണ് യോഗത്തില്‍ ആവശ്യമുന്നയിച്ചത്. മുവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ വികസനത്തിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ കൈകൊള്ളാമെന്ന് എല്‍ദോ എബ്രഹാം എം എല്‍ എ യുടെ ചോദ്യത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മറുപടി നല്‍കി. മണലിന്റെ ക്ഷാമവും വില വര്‍ധനവും പരിഗണിച്ച് ജില്ലയുടെ കിഴക്കന്‍ മേഖലകളിലെ കടവുകള്‍ മണല്‍ വാരുന്നതിന് തുറന്നു കൊടുക്കണമെന്നും എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. മുവാറ്റുപുഴ കൂത്താട്ടുകുളം എം.സി. റോഡിന്റെ വീതി കുറഞ്ഞ 150 മീറ്റര്‍ നീളത്തില്‍ അപകടങ്ങള്‍ കൂടിയിരിക്കുന്ന സാഹചര്യത്തില്‍ റോഡിന്റെ വീതി കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം എല്‍ എ യോഗത്തില്‍ ആവശ്യപ്പെട്ടു.
നീലീശ്വരം, കൊറ്റമം മൈനര്‍ ഇറിഗേഷനുകളിലെ പ്രളയത്തില്‍ നശിച്ച പമ്പ് സെറ്റുകളുടെ പുനസ്ഥാപിക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് റോജി എം ജോണ്‍ എം എല്‍ എ ആവശ്യപ്പെട്ടു. കാലടി, മഞ്ഞപ്ര മലയാറ്റൂര്‍ ഭാഗത്തു നിന്നും കളമശേരി മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിക്കണമെന്നും വര്‍ഷക്കാലത്തിനു മുമ്പു തന്നെ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള ഫണ്ടുകള്‍ പാസാക്കി തരണമെന്ന ആവശ്യവും എം എല്‍ എ ഉന്നയിച്ചു. വേനല്‍ കടുത്ത സാഹചര്യത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ കൈകൊള്ളമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ അഭിപ്രായപ്പെട്ടു. പട്ടികജാതി വിഭാഗക്കാര്‍ക്കായുള്ള ഭൂമി വാങ്ങി നല്കല്‍ പദ്ധതിയുടെ ഭാഗമായി ഭൂമി നല്കിയ ഭൂവുടമകള്‍ക്ക് ഇനിയും പണം ലഭ്യമായില്ലെന്ന് വി പി സജീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഫെബ്രുവരി 15-നകം നല്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഡെപ്യൂട്ടി കളക്ടര്‍ എല്‍ .ആര്‍ കെ.ചന്ദ്രശേഖരന്‍ നായര്‍ , ജില്ലാ പഌനിംഗ് ഓഫീസര്‍ ലിറ്റി മാത്യു എന്നിവര്‍ പങ്കെടുത്തു.

പ്രളയം: ഭാഗിക നാശനഷ്ടം സംഭവിച്ചവര്‍ക്ക് ധനസഹായ വിതരണം ആരംഭിച്ചു

കാക്കനാട്: ജില്ലയില്‍ പ്രളയത്തില്‍ വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായ വിതരണം ആരംഭിച്ചതായി ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ പി.ഡി.ഷീലാദേവി ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ഭാഗികമായി വീടു തകര്‍ന്ന 86000 പേരാണ് ഉള്ളത്. 30000 അപ്പീലുകളും ലഭിച്ചിട്ടുണ്ട്. 15 ശതമാനം വീടുകള്‍ തകര്‍ന്ന 26883 പേര്‍ക്ക് 10,000 രൂപയും 29 ശതമാനം വരെ നാശം സംഭവിച്ച 7588 പേര്‍ക്ക് 60,000 രുപയും വിതരണം ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പേര്‍ക്ക് തുക കൈമാറാന്‍ കഴിയും.
ജില്ലയില്‍ 2448 വീടുകളാണ് പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നത്. 1567 പേര്‍ സര്‍ക്കാര്‍ ധനസഹായം കെപ്പറ്റി വീട് നിര്‍മ്മിക്കാമെന്ന സമ്മതപത്രം നല്‍കി. 1532 പേര്‍ ഒന്നാം ഗഡു കൈപ്പറ്റി. 679 പേര്‍ രണ്ടാം ഗഡുവും കൈപ്പറ്റിയിട്ടുണ്ട്. 337 വീടുകള്‍ കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മ്മിച്ചു നല്‍കും. 265 വീടുകളുടെ നിര്‍മ്മാണം തുടങ്ങി. പതിച്ചു നല്‍കാന്‍ കഴിയാത്ത പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിവിധ സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് സ്ഥലമെടുത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. പതിച്ചു നല്‍കാവുന്ന പുറമ്പോക്ക് ഭൂമിയുള്ളവര്‍ക്ക് ഉടന്‍ പട്ടയം നല്‍കി വീട് നല്‍കുമെന്നും ഡപ്യൂട്ടി കളക്ടര്‍ അറിയിച്ചു.