- *കേരളത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്സലന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു
- * 2017 വര്‍ഷത്തെ വജ്ര , സുവര്‍ണ്ണ , രജത സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്സലന്‍സ് അവാര്‍ഡുകള്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കച്ചവടക്കാരും സ്ഥാപനങ്ങളും സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്സലന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന് നിര്‍ദേശിച്ചു. സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്സലന്‍സ് രജിസ്ട്രേഷന് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വ്യാപാര-വ്യവസായ-വാണിജ്യസ്ഥാപനങ്ങളേയും ഫാക്ടറികളേയും അവയുടെ വ്യത്യസ്ഥതലങ്ങളിലുള്ള പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് ചെയ്യുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച കരട് തൊഴില്‍ നയത്തില്‍ വിഭാവനം ചെയ്തിരുന്നു. നിശ്ചിത മാനദണ്ഡങ്ങളെ ആധാരമാക്കി സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയം ചെയ്യാനും മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വജ്ര , സുവര്‍ണ്ണ , രജത സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്സലന്‍സ് അവാര്‍ഡുകള്‍ നല്കി മാത്യകാ സ്ഥാപനങ്ങളായി പ്രഖ്യാപിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയില്‍ ഒക്ടോബറില്‍ നടന്നുകഴിഞ്ഞു.
കേരളത്തെ ഒരു സംരഭക സൗഹൃദ സംസ്ഥാനമാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പില്‍വരുത്തുന്നതിനായി നിലവിലുള്ള നിയമപാലന പ്രക്രിയയോടൊപ്പം നിയമങ്ങള്‍ സ്വയം പാലിക്കുന്നതിനും സാമൂഹ്യപ്രതിബദ്ധത ഉറപ്പാക്കുന്നതിനും തൊഴിലുടമകളെ പ്രോല്‍സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ക്രിയാത്മക സംവിധനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മെച്ചപ്പെട്ട തൊഴില്‍ – സാമൂഹിക അന്തരീക്ഷം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ സമൂഹ മധ്യത്തില്‍ ഔദ്യോഗികതലത്തില്‍ അംഗീകരിക്കപ്പെടുന്നതോടൊപ്പം സ്ഥാപനങ്ങളുടെ മത്സരക്ഷമത, വാണിജ്യപരമായ വിശ്വാസ്യത എന്നിവ വര്‍ദ്ധിപ്പിക്കാനും കഴിയും. മെച്ചപ്പെട്ട ഗ്രേഡിംഗ് സ്വായത്തമാക്കുക വഴി പരിശോധനാ പ്രക്രിയകളുടെ സങ്കീര്‍ണ്ണതകള്‍ ലഘൂകരിക്കപ്പെടും. തൊഴിലാളികള്‍ക്ക് അര്‍ഹമായ സേവന-വേതന വ്യവസ്ഥകള്‍ ലഭ്യമാക്കുന്നത് സ്ഥാപനത്തോട് കൂറ് വര്‍ദ്ധിക്കുകയും സ്ഥാപനത്തെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുകയുംചെയ്യും.
ഔദ്യോഗിക അംഗീകാരം ലഭിച്ച സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സാമൂഹ്യ പദവി ഉയര്‍ത്തപ്പെടും. തര്‍ക്കരഹിതമായി തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുക വഴി തൊഴിലാളി-തൊഴിലുടമബന്ധം ഊഷ്മളമാകും. ഇത് ഉപഭോക്തക്കാള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തും. ഗ്രേഡിംഗ് സംവിധാനം ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും സാമൂഹിക സുസ്ഥിരതക്കും കാരണമായിത്തീരുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്കായി ബന്ധപ്പെട്ട അസി.ലേബര്‍ ഓഫീസര്‍മാര്‍ സ്ഥാപനങ്ങള്‍ പരിശോധിക്കും. പദ്ധതി സംബന്ധിച്ച വിപുലമായ തുടര്‍ അവലോകനം നടത്തും. ഇതിനായി ഡിസംബര്‍ 19-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും അസി.ലേബര്‍ ഓഫീസര്‍മാര്‍, ലേബര്‍ ഓഫീസര്‍മാര്‍, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, അഡീ.ലേബര്‍ കമ്മീഷണര്‍മാര്‍, ലേബര്‍ കമ്മീഷണര്‍ എന്നിവരുള്‍പ്പെടുന്ന സംയുക്തയോഗം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തില്‍ അഡീ.ലേബര്‍ കമ്മീഷണര്‍ എ.അലക്സാണ്ടര്‍, ഫാക്ടറീസ് ആന്റ് ബോയിലേ്സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.