ചെങ്ങന്നൂർ : ചെങ്ങന്നൂർ മണ്ഡലത്തിലെ മുഴുവൻ പാടശേഖരങ്ങളിലും കൃഷിയിറക്കി മണ്ഡലത്തെ തരിശു രഹിതമാക്കി മാറ്റണമെന്ന് സജി ചെറിയാൻ എം.എൽ.എ . വെൺമണി പഞ്ചായത്തിലെ മാമ്പ്രപാടത്തെ കൊയ്ത്ത് ഉത്സവം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ . ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിന് ശേഷം പുനർജനിയുടെ ഭാഗമായി ചെങ്ങന്നൂർ മണ്ഡലത്തിൽ നടന്ന ആദ്യ കൊയ്ത്താണ് മാമ്പ്ര പാടത്ത് നടന്നത്. പ്രളയത്തിനുശേഷം ചെങ്ങന്നൂർ മണ്ഡലത്തിൽ കാർഷിക മേഖലയിൽ വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കർഷകർ നെൽകൃഷിക്ക് ഒപ്പം കരകൃഷിക്കും പ്രാധാന്യം നൽകണം. കേരകൃഷിയോടൊപ്പം പ്ലാവ് , പറങ്കാവ് തുടങ്ങിയവ നടണം. പച്ചക്കറികൃഷിയും ആരംഭിക്കണമെന്നും എം.എൽ.എ പറഞ്ഞു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ് പ്രസിഡന്റ് പി. സി അജിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെപിൻ പി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്യാം കുമാർ കൃഷി ഓഫീസർ വി. അനിൽകുമാർ, പാടശേഖര ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

നാടിന്റെ ഉത്സവമായി മാമ്പ്രപാടത്ത് കൊയ്ത്ത് ഉത്സവം
ചെങ്ങന്നൂർ : കൊയ്ത്ത് പാട്ടിന്റെയും, ആർപ്പുവിളികളുടേയും അകമ്പടിയോടെ വെണ്മണി മാമ്പ്രപാടത്തെ കൊയ്ത്ത് ഉത്സവം.കർഷകരേയും, പാടശേഖര ഭരവാഹികളേയും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും , ജനപ്രതിനിധികളെയും സാക്ഷി നിർത്തി ഒരു നാടിന്റെ ഐക്യം വിളിച്ചോതുന്ന പോലെയാണ് കൊയ്ത്തുൽസവം നടന്നത്. പ്രളയം തകർത്ത പച്ചക്കറി വിളവിലെ നഷ്ടം നെൽകൃഷിയിലൂടെ തിരിച്ചു പിടിക്കാമെന്ന് കർഷകർ തെളിയിച്ചു. മാമ്പ്രപാടത്തെ കർഷകരുടെ നിശ്ചയദാർഢ്യത്തിന്റെയും, ഒരുമയുടേയും സാക്ഷാത്കാരമാണ് മുണ്ടകൻ കൊയ്‌ത്തെന്ന് എം.എൽ.എ പറഞ്ഞു. ചെങ്ങന്നൂർ താലൂക്കിലെ വെൺമണി, ചെറിയനാട്, ആലാ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പാടശേഖരമാണ് മാമ്പ്ര പാടശേഖരം. ഇതിൽ വെൺമണി ഭാഗത്താണ് മുണ്ടകൻ കൊയ്ത്ത് നടന്നത്. പ്രളയത്തെ തുടർന്ന് പമ്പയിൽ നിന്ന് അടിഞ്ഞെത്തിയ ഏക്കൽ മാമ്പ്രപാടത്തെ കൃഷിക്ക് ഗുണകരമായെന്നും വിദഗ്ധർ പറയുന്നു.