മാനന്തവാടി മണ്ഡലത്തിലെ പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾ ഏപ്രിൽ ഇരുപതിനകം പൂർത്തീകരിക്കണമെന്ന് ഒ.ആർ കേളു എം.എൽ.എ. മണ്ഡലതല അവലോകന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകിയത്. വീട് നഷ്ടപ്പെട്ടവർക്ക് ഒന്നാം ഗഡു ധനസഹായത്തിന് അർഹരായിട്ടുള്ള മുഴുവൻ ആളുകൾക്കും ഈ ആഴ്ച തന്നെ തുക വിതരണം ചെയ്യാനും സ്ഥലവും വീടും നഷ്ടപ്പെട്ട ആളുകൾ എത്രയും പെട്ടന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്തി സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി. പ്രളയാനന്തര പ്രവർത്തനങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തണം. കൃത്യമായ സ്ഥിതിവിവര കണക്കുകളും ഏകോപനവും പ്രളയാന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ ഉറപ്പുവരുത്തണമെന്നും ഉന്നത ഉദ്ദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.
ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതി സുതാര്യമായും ജാഗ്രതയോടെയും നടപ്പിലാക്കുന്നതിന് ശ്രദ്ധിക്കണം. പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പുനരധിവാസം സംബന്ധിച്ച് വകുപ്പിന്റെ ധനസഹായത്തിന് കാത്തുനിൽക്കാതെ അർഹരായ കുടുംബങ്ങൾക്ക് റവന്യൂ വകുപ്പിന്റെ സഹായമുൾപ്പടെ ലഭ്യമാക്കാവുന്നതാണോ എന്ന് പരിശോധിക്കണം. യോഗത്തിൽ സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ജില്ലാ ഫിനാൻസ് ഓഫീസർ ദിനേശ്, മാനന്തവാടി തഹസിൽദാർ എൻ.ഐ ഷാജു, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ പ്രമോദ്, പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.