മാനന്തവാടി ഒണ്ടയങ്ങാടിയെന്ന ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് നടന്നുകയറാനുള്ള തയ്യാറെടുപ്പിലാണ് മിന്നുമണിയെന്ന വയനാടിന്റെ സ്വന്തം മിന്നും താരം. ഈ മാസം പതിനെട്ടിന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിനെ നേരിടുന്ന ബോർഡ് പ്രസിഡന്റ്‌സ് ഇലവനിൽ തിളങ്ങാനവരസം ലഭിച്ചാൽ മിന്നുവിന്റെ ചിരകാലസ്വപ്നം യാഥാർത്ഥ്യമാവും. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള പേടിഎം പരമ്പരക്ക് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തിനുള്ള ടീമിലേക്കാണ് മിന്നുമണി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യം സ്മൃതി മന്ദാനയാണ് ബോർഡ് ഇലവന്റെ ക്യാപ്റ്റൻ. വേദ കൃഷ്ണമൂർത്തി, ദേവിക വൈദ്യ, എസ് മേഘ്‌ന, ഭാരതി ഫൽമാലി, കോമൾ സൻസദ്, ആർ കൽപ്പന, പ്രിയ പൂനിയ, ഹർലീൻ ഡിയോൾ, റീമ ലക്ഷ്മി എക്ക, മനാലി ദക്ഷ്ണി, തനൂജ കൻവർ എന്നിവരടങ്ങിയ ശക്തരായ സംഘത്തിലാണ് മിന്നുമണി ഇടം നേടിയത്.
ഒണ്ടയങ്ങാടി സ്വദേശി കൂലിപ്പണിക്കാരനായ മണിയുടെയും വസന്തയുടെയും മകളായ മിന്നുമണിക്ക് 2018-ലെ ദേശീയ അണ്ടർ 23 ടൂർണ്ണമെന്റിലെ മികച്ച പ്രകടനമാണ് തുണയായത്. അന്ന് ടൂർണ്ണമെന്റിലെ ടോപ്‌സ്‌കോററായ മിന്നുവിന്റെ പ്രകടനങ്ങൾ ദേശീയ സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധ നേടിയിരുന്നു. ഏറെ അകലെയല്ലാതെ ദേശീയ ടീമിലിടം നേടുമെന്ന് അന്നു തന്നെ ഉറപ്പായിരുന്നു. ടോപ്ഓഡറിൻ ബാറ്റ് ചെയ്യുന്ന മിന്നുമണിയുടെ മികവിൽ കേരളം നിരവധി മികച്ച വിജയങ്ങൾ ഇതിനകം നേടിയിട്ടുണ്ട്. ഇടംകൈയ്യിലെ മികവുമായി കഴിഞ്ഞ മൂന്നു വർഷമായി ദേശീയ അണ്ടർ 23 ടീമിൽ കളം വാഴുകയാണ് ഈ മിടുക്കി. ഇതുവരെ ഒരു കേരള താരം കളിച്ചിട്ടില്ല. തിരുത്താൻ കഴിയാത്ത ആ നേട്ടം തന്റെ പേരിൽ കുറിക്കാനൊരുങ്ങുകയാണ് സ്വപ്രയത്‌നം കൊണ്ട് വലിയ ഉയരങ്ങൾ കീഴടക്കിയ യുവതാരം. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങൾക്കൊപ്പം തന്റെ പേരും എഴുതിച്ചേർക്കപ്പെടാനായി വാങ്കഡെയിലെ പുൽമൈതനാത്ത് പാഡ് കെട്ടുമ്പോൾ ഒരു നാടൊന്നാകെ പ്രാർത്ഥനയിലാണിവിടെ. ഉറങ്ങാൻ അനുവദിക്കാത്ത അവളുടെ സ്വപ്നം പൂവണിയുന്നതും കാത്ത്.
