ജില്ലയിൽ പുതുതായി ആരംഭിക്കുന്ന വെള്ളമുണ്ട ഗവ. ഇൻഡട്രിയൽ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിൽ (ഐടിഐ) പ്രവേശന നടപടികൾ തുടങ്ങി. അപേക്ഷാ ഫോറങ്ങൾ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസ്, നെന്മേനി ഗവ. ഐടിഐ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പ്രിൻസിപ്പാളിന് ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 20 ആണ്. 21ന് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 22 മുതൽ 25 വരെയാണ് പ്രവേശനം. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ ലിസ്റ്റ് ഐടിഐയിൽ പ്രസിദ്ധീകരിച്ച് മെമ്മോ കാർഡുകൾ അയക്കും. ഇതിനായി അപേക്ഷകൻ സ്വന്തം മേൽവിലാസമെഴുതിയ ആറ് രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച പോസ്റ്റ് കാർഡ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷാഫീസ്, ആവശ്യമായ രേഖകളുടെ പകർപ്പ് എന്നിവയും ഇതോടൊപ്പം നൽകണം. അപേക്ഷകർ ഐടിഐയിൽ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റ് നോക്കി കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
എസ്.എസ്.എൽ.സി ജയിച്ചവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും തിരഞ്ഞെടുക്കാവുന്ന ഏകവൽസര, ദ്വിവൽസര ട്രേഡുകളാണ് നിലവിലുള്ളത്. സാക്ഷരതാ മിഷൻ നടത്തുന്ന ലെവൽ എ സ്റ്റാൻഡേർഡ് പത്താംതരം തുല്യത എസ്എസ്എൽസിക്ക് തുല്യമായിരിക്കും. സംസ്ഥാനത്തെ ഐടിഐകളിലെ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സിബിഎസ്ഇ സ്‌കൂൾ തലത്തിൽ നടത്തുന്ന പത്താംക്ലാസ് സ്‌കൂൾതല പരീക്ഷ വിജയിച്ച അപേക്ഷകരെയും നോൺ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സിബിഎസ്ഇ സ്‌കൂൾ തല പരീക്ഷകളിൽ പങ്കെടുത്ത അപേക്ഷകരെയും പരിഗണിക്കും. ബധിരർ/മൂകർ ആയ അപേക്ഷകർക്ക് പരിശീലനം ലഭിക്കുന്നതിന് മറ്റു തരത്തിൽ അയോഗ്യതയില്ലെങ്കിൽ ഇൻഡക്‌സ് മാർക്ക് കണക്കാക്കുന്നതിൽ ഇംഗ്ലീഷിന് പകരമായി തിരഞ്ഞെടുത്ത വിഷയങ്ങളുടെ മാർക്ക് ഇംഗ്ലീഷ് വിഷയത്തിന് തുല്യമായി കണക്കാക്കി പ്രവേശനത്തിന് പരിഗണിക്കും. പ്രൈവറ്റായി എസ്എസ്എൽസി എഴുതി തോറ്റവർക്ക് പ്രവേശനത്തിന് അർഹതയില്ല. അപേക്ഷകരുടെ സൗകര്യാർത്ഥം ഐടിഐയിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പാളിൽ നിന്നും ലഭിക്കും.
