ബാവലി സർക്കാർ യു.പി സ്‌കൂൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. പദ്ധതിയുടെ ശിലാസ്ഥാപനം ഒ.ആർ കേളു എം.എൽ.എ നിർവഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി അധ്യക്ഷത വഹിച്ചു. ഒ.ആർ കേളു എം.എൽ.എയുടെ ശുപാർശ പ്രകാരമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപയുടെ ധനസഹായം അനുവദിച്ചത്.
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് ബാവലി. ആദിവാസി, കർഷക തൊഴിലാളി വിഭാഗത്തിൽപ്പെട്ട നിരവധി സാധാരണക്കാരായ വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണിത്.
പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഇസഹാക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡാനിയൽ ജോർജ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അനന്തൻ നമ്പ്യാർ, എ.ഇ.ഒ അനിതാഭായ്, ഹാരിസ് കാട്ടിക്കുളം, റഷീദ് തൃശ്ശിലേരി, ഹാരിസ് പള്ളത്ത്, അബ്ദുൾ നാസർ, കെ.സി മനോഹരൻ സ്‌കൂൾ ഹെഡ്മാസ്റ്റർ പി.വി സന്തോഷ്, മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.