ആലപ്പുഴ :കുട്ടനാട്ടിലെ പ്രളയബാധിത മേഖലയിലെ ജനങ്ങൾക്ക് വേഗത്തിൽ ആതുര സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് പുതുതായി ആരംഭിച്ച ഫ്ളോട്ടിങ് ഡിസ്പെൻസറി ആരോഗ്യമന്ത്രി കെ .കെ ശൈലജ ഫ്‌ളാഗ് ഓഫ് ചെയ്തു. മാത ജെട്ടിയിൽ നടന്ന ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫീസർ എൽ.അനിതകുമാരി, എൻ.എച്ച്.എം ജില്ല പ്രോജക്ട് മാനേജർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു .ഡിസ്പെൻസറിയിൽ ഒരു ഡോക്ടർ , നഴ്സ്, ഫാർമസിസ്റ് എന്നിവരുടെ സേവനം ലഭിക്കും .ഓരോ പ്രദേശത്തും നിശ്ചിതസമയത്ത് ഒ.പി സൗകര്യം ലഭിക്കും. വെളിയനാട് ബ്ലോക്കിന്റെ വിവിധ പ്രദേശങ്ങളിലും പുളിങ്കുന്ന് ,കാവാലം ,നീലംപേരൂർ, മുട്ടാർ ,രാമങ്കരി പഞ്ചായത്തുകളിലും ഡിസ്പെൻസറിയുടെ സേവനം ലഭിക്കും.