ജില്ലയിൽ ഉൾനാടൻ മൽസ്യകൃഷിയിൽ വൻ മുന്നേറ്റം. ഓരോ വർഷവും മൽസ്യകർഷകരുടെ എണ്ണം വർധിക്കുന്നെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. ഇതിന്റെ ഭാഗമായി മേഖലയിൽ നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ് വകുപ്പ്. പൊതുജലാശയങ്ങളിൽ മൽസ്യസമ്പത്ത് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സാമൂഹിക മൽസ്യകൃഷി പദ്ധതിക്കും ഏറെ പ്രചാരമുണ്ട്. നടപ്പുസാമ്പത്തിക വർഷം 12.45 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. ഈ തുക വിനിയോഗിച്ച് ആറു ഗ്രാമപഞ്ചായത്ത് പരിധിയിലെ പുഴകളിൽ വിവിധ ഇനങ്ങളിൽപ്പെട്ട 12,15,350 മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ഗ്രീൻബുക്ക് പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ സമ്മിശ്ര കാർപ്പ് കൾച്ചർ, ആസാംവാള കൃഷി, കുളങ്ങളിലെ ഗിഫ്റ്റ് കൃഷി, റീസർക്കുലേറ്ററി അക്വാകൾച്ചർ, കേജ് കുളങ്ങളിലെ അലങ്കാര മൽസ്യ റിയറിങ് യൂനിറ്റ്, അലങ്കാര മൽസ്യ റിയറിങ് യൂനിറ്റ്, ലൈവ് ഫിഷ് മാർക്കറ്റ്, പടുതാകുളങ്ങളിലെ കരിമീൻ കൃഷി എന്നിവയും നടപ്പാക്കിവരുന്നു. ഈ പദ്ധതികൾക്കായി 79.97 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതുവരെ 24.42 ലക്ഷം രൂപ ചെലവഴിച്ചു. ബ്ലൂ റെവല്യൂഷൻ പദ്ധതി പ്രകാരമുള്ള പുനഃചംക്രമണ മൽസ്യകൃഷി, ആസാംവാള കൃഷി, കുളങ്ങളിലെ ഗിഫ്റ്റ് കൃഷി എന്നിവയ്ക്കായി വകയിരുത്തിയ 38.44 ലക്ഷം രൂപയിൽ നിന്ന് 24.77 ലക്ഷം വിനിയോഗിച്ചു. ജനകീയ മൽസ്യകൃഷി പദ്ധതി പ്രകാരമുള്ള നാലുഘടക പദ്ധതികൾക്കായി 11.79 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വർഷം വകയിരുത്തിയത്. ഇതിൽ നിന്ന് ഇതുവരെ 7.2 ലക്ഷം രൂപ ചെലവഴിച്ചു.
2017-18 വർഷം എട്ടു തദ്ദേശസ്ഥാപന പരിധികളിലെ ജലാശയങ്ങളിൽ 10.2 ലക്ഷം രൂപ വിനിയോഗിച്ച് മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തദ്ദേശസ്ഥാപനം, നിക്ഷേപിച്ച മൽസ്യക്കുഞ്ഞുങ്ങളുടെ എണ്ണം എന്നീ ക്രമത്തിൽ: പൂതാടി- 1,89,679, തൊണ്ടർനാട്- 1,42,259, കോട്ടത്തറ- 1,42,259, വെള്ളമുണ്ട- 1,91,487 (കാർപ്പ് മൽസ്യങ്ങൾ), മുട്ടിൽ- 1,500, പൊഴുതന- 1,500, എടവക- 1,500, മാനന്തവാടി മുനിസിപ്പാലിറ്റി- 1,500 (നാടൻ മൽസ്യങ്ങൾ).
ജനകീയ മൽസ്യകൃഷിയിൽ പദ്ധതികൾ നിരവധി
മൽസ്യകൃഷി വ്യാപനത്തിൽ കർഷകരെ സഹായിക്കാൻ പദ്ധതികൾ നിരവധി. ജനകീയ മൽസ്യകൃഷിയുടെ ഭാഗമായി 2017-18 വർഷം വിഭാവനം ചെയ്ത മാതൃകാ മൽസ്യക്കുളം ഏറെ ജനകീയമായി. മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഇതിനായി 36,50,000 രൂപ അനുവദിച്ചു. ജില്ലയിലെ 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 74 ഗുണഭോക്താക്കൾ കുളം നിർമിച്ച് പദ്ധതിയുടെ ഭാഗമായി. ഇവർക്ക് 2,12,700 മൽസ്യക്കുഞ്ഞുങ്ങളെയാണ് നൽകിയത്. ചെറിയ കുളങ്ങളിലെ മൽസ്യകൃഷി 2017-18 സാമ്പത്തിക വർഷം ഒമ്പതു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് ജില്ലയിലെ 26 തദ്ദേശസ്ഥാപന പരിധിയിലെ 4,957 കർഷകർക്കായി 15,39,120 മൽസ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വലിയ കുളങ്ങളിലെ മൽസ്യകൃഷിക്കായി 2.25 ലക്ഷം രൂപയാണ് അനുവദിച്ചത്. 104 മൽസ്യകർഷകർ ഗുണഭോക്താക്കളായി. ഇവർക്ക് 3,75,000 മൽസ്യക്കുഞ്ഞുങ്ങളാണ് വിതരണം ചെയ്തത്.
ജനകീയ മൽസ്യകൃഷി പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിനും അത്യാവശ്യ ചെലവുകൾ നിർവഹിക്കുന്നതിനുമായി അക്വാകൾച്ചർ എക്സ്റ്റൻഷൻ സെന്റർ പദ്ധതി 2017-18 സാമ്പത്തിക വർഷം നടപ്പാക്കി. മൂന്നുലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. രണ്ടു പട്ടികജാതി ഗുണഭോക്താക്കൾക്കായി പടുതാക്കുളം പദ്ധതി പ്രകാരം 80,000 രൂപ വീതം സബ്‌സിഡിയായി നൽകി. മൽസ്യകൃഷിയുമായി ബന്ധപ്പെട്ട ക്ലാസുകളും പ്രദർശനവും ഇക്കാലയളവിൽ സംഘടിപ്പിച്ചു.
പ്രതിബന്ധം തരണംചെയ്യാൻ ഹാച്ചറികൾ
ഗുണമേന്മയുള്ള മൽസ്യക്കുഞ്ഞുങ്ങൾ ലഭിക്കുക ശ്രമകരമാണെന്നതാണ് ജില്ലയിലെ മൽസ്യകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനു പരിഹാരമായി തളിപ്പുഴയിലും കാരാപ്പുഴയിലും ഫിഷ് സീഡ് ഹാച്ചറികളൊരുങ്ങുകയാണ്. 1,58,20,000 രൂപ ചെലവിലാണ് തളിപ്പുഴ ഹാച്ചറി നിർമാണം. പദ്ധതിയുടെ വെർട്ടിക്കൽ ടാങ്കുകളുടെയും രണ്ടു മീറ്റർ വ്യാസമുള്ള സർക്കുലർ ടാങ്കുകളുടെയും പ്രവൃത്തികൾ പൂർത്തിയായി. ചുറ്റുമതിലിന്റെയും മറ്റ് ടാങ്കുകളുടെയും നിർമാണം പുരോഗമിക്കുകയാണ്. എങ്കിലും ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് ഇവിടെ മൽസ്യവിത്തുൽപാദനം നടത്തിവരുന്നു. നടപ്പു സാമ്പത്തിക വർഷം 16 ലക്ഷത്തിൽപരം മൽസ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് സാമൂഹിക മൽസ്യകൃഷി പദ്ധതിയുടെ ഭാഗമായി പുഴകളിൽ നിക്ഷേപിക്കാനും കർഷകർക്കുമായി വിതരണം ചെയ്തു.
160 ലക്ഷം രൂപയാണ് കാരാപ്പുഴ പദ്ധതി പ്രദേശത്ത് ആരംഭിക്കുന്ന മൽസ്യവിത്ത് ഉൽപാദന കേന്ദ്രത്തിന്റെ അടങ്കൽ. സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് നിർമാണച്ചുമതല. ടാങ്കുകളുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു.