കഞ്ഞിക്കുഴി : കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാതരത്തിലുമുള്ള സൗഹാർദ അന്തരീക്ഷം ഉണ്ടാകണം. എങ്കിൽ മാത്രമേ സർക്കാരിന്റെ സംരംഭങ്ങൾ വിജയം കാണുകയുള്ളുവെന്നു ആരോഗ്യ – കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. കെ.ശൈലജ പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രിയിൽ ഒരുക്കിയ സൗകര്യങ്ങളെ കുറിച്ച് മന്ത്രി ഉദ്യോഗസ്ഥരോട് അന്വേഷിക്കുകയും നിർദ്ദേശം നൽകുകയും ചെയ്തു.
സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായാണ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. യോഗത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ജി . രാജു, മെഡിക്കൽ ഓഫീസർ ഷജില എസ്. പിള്ള എന്നിവർ പങ്കെടുത്തു.