എസ്.സി / എസ്.ടി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് പരിശീലനം ലഭിച്ച വിഷയവുമായി ബന്ധപ്പെട്ട വിദേശ ജോലിക്ക് അവസരമൊരുക്കുമെന്ന് നിയമ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. സാങ്കേതിക വിഷയങ്ങളില്‍ പരിജ്ഞാനമുള്ളവര്‍ക്ക് അതേ വിഷയത്തില്‍ ജാലികള്‍ നമ്മുടെ നാട്ടിലും ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. നഗരസഭയുടെ മാനവിഭവശേഷി തൊഴില്‍ വികസനകേന്ദ്രങ്ങളുടെ വിപുലീകരണത്തിന്റെ ഉദ്ഘാടനവും വിവിധ കോഴ്‌സുകളിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സത്യന്‍ മെമ്മോറിയല്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പഠിച്ച വിഷയത്തില്‍ സുരക്ഷിതമായ സാഹചര്യത്തില്‍ വിദേശ ജോലി ലഭ്യമാക്കുന്നതിന് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തൊഴില്‍വകുപ്പുമായി ചര്‍ച്ചകള്‍ നടത്തി വിദേശ ഏജന്‍സികളുമായി ബന്ധപ്പെട്ട് അവര്‍ക്ക് വേണ്ട ഉദ്യോഗസ്ഥരുടെ എണ്ണം, വേണ്ട ട്രേഡ് തുടങ്ങിയവ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ച് അതിനനുസരിച്ച് റിക്രൂട്ട്‌മെന്റ്‌നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിന് ചെറിയ പലിശയില്‍ വായ്പ അനുവദിക്കുന്നുണ്ട്. ഇതുകൂടാതെ തിരിച്ചുവന്ന പ്രവാസികള്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങുന്നതിന് 20 ലക്ഷം രൂപവരെ 3.5 ശതമാനം പലിശ നിരക്കില്‍ വായ്പയായി നല്‍കുന്നുണ്ട്. അതില്‍ മൂന്ന് ലക്ഷം രൂപവരെ സബ്‌സിഡിയാണ്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ മേയര്‍ അഡ്വ. വി.കെ.പ്രശാന്ത് അദ്ധ്യക്ഷനായ ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങളായ വഞ്ചിയൂര്‍ പി. ബാബു, ആര്‍. ഗീതാഗോപാല്‍, സഫീറാബീഗം, അഡ്വ. ആര്‍.സതീഷ്‌കുമാര്‍, എസ്. ഉണ്ണികൃഷ്ണന്‍, എച്ച്.ആര്‍.ഇ.ഡി കോ-ഓര്‍ഡിനേറ്റര്‍ വി.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.