സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷ മേളയിലെത്തിയ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്ജ്  പോലീസ് വകുപ്പിന്റെ സ്റ്റാളിലൊരുക്കിയ തോക്ക് ശേഖരം കണ്ട് അത്ഭുതം കൂറി. സ്റ്റാളിന്റെ ചുമതലക്കാരാനായ പോലീസുദ്യോഗസ്ഥനോട് അനുവാദം ചോദിച്ച് കയ്യിലെടുത്ത തോക്കിന്റെ ഭാരം അറിഞ്ഞപ്പോള്‍ മുഖത്ത് ഞെട്ടല്‍. രണ്ടാം ലോക മഹായുദ്ധത്തിന് ഉപയോഗിക്കപ്പെട്ട തോക്കിന്റെ ഭാരം 3 കിലോ 800 ഗ്രാം എന്നറിഞ്ഞപ്പോള്‍   തോക്ക്  കൈകാര്യം ചെയ്യുന്നവരെ സമ്മതിക്കണമെന്ന് കമന്റ്. പോലീസിന്റെ  ആയുധ ശേഖരം കൗതുകത്തോടെ നോക്കി കണ്ട  മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ തോക്ക് കയ്യിലെടുക്കാന്‍ തയ്യാറായില്ല. തോക്കെടുക്കാനില്ലെന്ന് എന്ന് ചിരി നിറഞ്ഞ മുഖത്തോടെ  അദ്ദേഹം പ്രതികരിച്ചു.  മേളയുടെ ഭാഗമായി   കേരളത്തിന്റെ കായിക ശക്തി എന്ന വിഷയത്തില്‍  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം പ്രദര്‍ശന സ്റ്റാളുകള്‍ കാണാനെത്തിയത്. ഗ്രാമ വ്യവസായ ജില്ലാ ഓഫിസിനായി നിര്‍മ്മിക്കുന്ന ഗാന്ധി സ്മൃതി മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനത്തിനെത്തിയ ശോഭന ജോര്‍ജ്ജ് അപ്രതീക്ഷിതമായാണ് നാഗമ്പടം മൈതാനത്തെ മേള കാണാനെത്തിയത്. എല്ലാ സ്റ്റാളും സന്ദര്‍ശിച്ച് പ്രദര്‍ശന വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞും  വിപണനത്തിനായി വച്ചിരുന്ന കാന്താരി തേന്‍, ചമ്മന്തിപ്പൊടി, നൈറ്റികള്‍, കത്തി, എണ്ണക്കരണ്ടി, കൊതുകിനെ തുരത്തുന്നതിന് പുകയ്ക്കാനായി ഉപയോഗിക്കുന്ന വന വിഭവമായ തെളളി എന്നിവയും വാങ്ങിയാണ് ശോഭനാ ജോര്‍ജ്ജ് മടങ്ങിയത്.