കൊച്ചി: ജില്ലയിലെ മത്സ്യത്തൊഴിലാളികൾ കൂട് കൃഷി പ്രോത്സാഹിപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. ഇതിലൂടെ ഉയർന്ന മത്സ്യ ഉൽപാദനം വരുമാനവും ലഭിക്കും. നിയമവിരുദ്ധമായി കുറ്റി വലകളും ചീനവലകളും സ്ഥാപിക്കുന്ന പ്രവണതയാണ് ജില്ലയിൽ കണ്ടുവരുന്നത്. രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ ഇവയ്ക്കൊന്നും ധനസഹായം നൽകാൻ സാധ്യമല്ല. അതിനാൽ മത്സ്യത്തൊഴിലാളികൾ ഇത്തരം നിയമ വിരുദ്ധമായ രീതിയിൽ നിന്നും നിയമാനുസൃതമായ രീതിയിലേക്ക് തിരികെ വരണം. കൂട് കൃഷിയ്ക്ക് 1400 യൂണിറ്റാണ് സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്നതെന്നും ഇത് മത്സ്യത്തൊഴിലാളികൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കർഷകർക്കും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദിച്ച ധനസഹായവും പ്രളയാനന്തര മത്സ്യകൃഷി പുനസ്ഥാപന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയ്ക്ക് അനുവദിച്ച എട്ടു കോടി രൂപയില്‍ നിന്നും ആദ്യഗഡു ധനസഹായവിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സമാനതകളില്ലാത്ത പ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. എങ്കിലും സംസ്ഥാന സർക്കാരിന്‍റെ
ഇടപെടൽമൂലം മത്സ്യകൃഷിയുടെ പുനഃസ്ഥാപനത്തിന് 40 കോടിയുടെ പദ്ധതി ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് അത് പുനഃസൃഷ്ടിക്കാൻ കഴിയുന്നതരത്തിൽ പശ്ചാത്തലസൗകര്യമാണെങ്കിൽ 60% സബ്സിഡിയും പ്രവർത്തനമൂലധനമാണെങ്കിൽ 40% സബ്സിഡിയും ലഭ്യമാക്കും.

മത്സ്യ ഉൽപാദനമേഖലയിൽ സംസ്ഥാന സർക്കാർ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പുറത്തുനിന്നും വാങ്ങുന്ന വിത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കി സീഡ് സെൻറർ നിലവിൽ വന്നു. എന്നാൽ ആവശ്യമായ മത്സ്യകുഞ്ഞുങ്ങളെ നമ്മൾ ഇതുവരെ ഉല്പാദിപ്പിച്ചിട്ടില്ല. അതിനാൽ സീഡ് ആക്ടിന്റെ ഫലമായി മത്സ്യകുഞ്ഞുങ്ങളെ കേരളത്തിൽ തന്നെ ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. നിലവിൽ രണ്ടരകോടി കുഞ്ഞുങ്ങളാണ് ഉൽപാദനത്തിന് നായിട്ടുള്ളത്. കേരളത്തിന് ആവശ്യം 12 കോടിയാണ്. ആയിരം ദിനത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി അഞ്ചര കോടിയായി മത്സ്യ ഉൽപ്പാദനം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും നിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കും. സർക്കാരിൻറെ അഞ്ചാം വർഷത്തിൽ ആവശ്യമായ കുഞ്ഞുങ്ങളെ കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിച്ച് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജോയിൻറ് ഡയറക്ടർ എം എസ് സാജു, സാഫ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ എസ് ശ്രീലു, മത്സ്യഫെഡ് മാനേജർ ജോർജ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ് മഹേഷ് കൗണ്‍സിലര്‍ കെ വി പി കൃഷ്ണകുമാർ, സി എൻ മോഹനൻ, പി രാജു, ടി ജെ വിനോദ്, എൻ കെ മോഹൻദാസ്, കെ സി രാജീവ്, പി ഒ ആൻറണി, ആൻറണി കളരിക്കൽ, വി ഡി മജീന്ദ്രൻ എന്നിവർ പങ്കെടുത്തു.