മാരാരിക്കുളം:ജനകീയാസൂത്രണത്തിനും കുടുംബശ്രീ പ്രവർത്തനത്തിനും ശേഷം സാന്ത്വനപരിചരണ രംഗത്തും മാതൃകയാകാൻ മാരാരിക്കുളം തയ്യാറെടുക്കുന്നു. ജീവതാളം പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ്ആദ്യ സമ്പൂർണ്ണപാലിയേറ്റീവ് ഗ്രാമം പദ്ധതി നടപ്പിലാക്കുക.
പാലിയേറ്റീവ് രോഗികളെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിചരിക്കുക, നഴ്സുമാരുടെ സഹായം ഉറപ്പു വരുത്തുക, ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകുക, ആവശ്യമുള്ളവർക്ക് ഭക്ഷണവും വസ്ത്രവും ലഭ്യമാക്കുക എന്നിവയടങ്ങിയ സമഗ്ര പദ്ധതിയാണ് പാലിയേറ്റീവ് ഗ്രാമം .
മാർച്ച് രണ്ടിന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
മാരാരിക്കുളം ഏരിയായിലെ നാല് ഗ്രാമപഞ്ചായത്തുകളിലായി 80 വാർഡുകളാണ് ഉള്ളത്. എല്ലാ വാർഡുകളിലെയും കിടപ്പുരോഗികളുടെ വിശദമായ റിപ്പോർട്ട് ജീവതാളത്തിന്റെ പ്രവർത്തകർ ശേഖരിച്ചിരുന്നു. എല്ലാ പഞ്ചായത്തുകളിലും ആഴ്ചയിൽ രണ്ട് ദിവസം വീതം നഴ്സുമാരുടെ ടീം പരിചരണത്തിനായി എത്തുന്നുണ്ട്.
ആവശ്യക്കാർക്ക് വിശപ്പ് രഹിതമാരാരിക്കുളം പദ്ധതിയിലൂടെ ഭക്ഷണവും എത്തിച്ചു കൊടുക്കുന്നുണ്ട്.
ഇതിന്റെ തുടർച്ചയായാണ് സമ്പൂർണ്ണ പാലിയേറ്റീവ് ഗ്രാമം പദ്ധതി ആരംഭിക്കുന്നത്.
ജില്ലാ ആരോഗ്യ വകുപ്പ്, എൻ.എച്ച്.എം, ജില്ലാ പാലിയേറ്റീവ്, ജില്ലാ പഞ്ചായത്ത് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ജീവതാളം ഭാരവാഹികളായ കെ.ഡി. മഹീന്ദ്രനും അഡ്വ.ആർ.റിയാസും പറഞ്ഞു.
കലവൂരിൽ ചേർന്ന ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ അദ്ധ്യക്ഷയായി. എൻ.എച്ച്.എം. ജില്ലാ കോർഡിനേറ്റർ ഡോ.രാധാകൃഷ്ണൻ, ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റർ ആസാദ്, മെഡിക്കൽ ഓഫീസർഡോ.കാർത്തിക, ജില്ലാ പഞ്ചായത്തംഗം പി.എ.ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. സ്നേഹജൻ,
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.സന്തോഷ്, ഇന്ദിരാ തിലകൻ, കവിതാ ഹരിദാസ്, ജീവതാളംചെയർമാൻ കെ.ഡി. മഹീന്ദ്രൻ, കൺവീനർ അഡ്വ.ആർ.റിയാസ് തുടങ്ങിയവർ സംസാരിച്ചു.
