ആലപ്പുഴ:എഴുത്ത് ലോട്ടറി വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്. ഇത്തരം ലോട്ടറി വിൽക്കുന്നവരുടെ ഏജൻസി റദ്ദ് ചെയ്യുമെന്നും മന്ത്രി് പറഞ്ഞു. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്ക് പ്രളയധനസഹായവും ഭാഗ്യക്കുറി വഴിയോര കച്ചവടക്കാർക്ക് ബീച്ച് അംബ്രല്ലയും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 213 പേർക്കാണ് കുട വിതരണം ചെയ്തത്. ആറുപേർക്ക് പ്രളയ ധനസഹായവും വിതരണം ചെയ്തു.സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ.ജയപ്രകാശ് അധ്യക്ഷനായി. വ്യാജ ഇടപാടുകളിൽ ഒരിക്കലും കേരള ലോട്ടറി ഉണ്ടാകില്ല. ഈ സർക്കാർ വന്നതിന് ശേഷം ലോട്ടറി വരുമാനത്തിന്റെ 50ശതമാനമാണ് സമ്മാനമായി നൽകുന്നത്. മുൻപ് 42 ശതമാനമായിരുന്നു സമ്മാനം. സമ്മാനം കുറഞ്ഞുവെന്ന് പറയുന്നത് വാസ്തവവിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തിൽ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എം.രാജ്കപൂർ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. വി സ്‌നേഹജൻ, വാർഡ് മെമ്പർ മുത്തുലക്ഷ്മി ഗോപാലകൃഷ്ണൻ, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡംഗം വി.എസ് മണി , ജില്ലാ സെക്രട്ടറി വി.ബി അശോകൻ തുടങ്ങിയവർ പങ്കെടുത്തു.