സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ‘ഹരിതഭവനം’ എന്ന ആശയവുമായി ഹരിതകേരളം മിഷന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു. ഹരിതാഭമായ പരിസ്ഥിതി സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടൊപ്പം നമ്മുടെ ഭവനങ്ങളും ഹരിതമാക്കുക എന്ന നൂതന ആശയമാണ് ഹരിതകേരളം മിഷൻ സർക്കാരിന്റെ നല്ല ദിനങ്ങളിലൂടെ ജനങ്ങൾക്കു നൽകുന്നത്. ജൈവകൃഷി, മാലിന്യസംസ്‌കരണം, മൃഗസംരക്ഷണം, ജലവിഭവ സംരക്ഷണം, ക്ഷീരവികസനം, ഊർജസംരക്ഷണം എന്നിവയാണ് മുഖ്യഘടകങ്ങൾ.
വീട്ടുവളപ്പിലെ കൃഷിയോഗ്യമായ എല്ലാ സ്ഥലത്തും ജൈവകൃഷി നടത്തുക, വീട്ടുവളപ്പിൽ പെയ്തിറങ്ങുന്ന മഴവെള്ളം പുരയിടത്തിനു പുറത്തുപോവാതെ കിണറിനരികിൽ കിനിഞ്ഞിറങ്ങുന്നതിന് സൗകര്യപ്പെടുത്തുക, മേൽക്കൂരയിലെ മഴവെള്ളം കിണർ റീചാർജിങ് പിറ്റിലേക്ക് എത്തിക്കുക, ബാത്ത്‌റൂമിൽ നിന്നുള്ള മലിനജലം റീസൈക്കിൾ ചെയ്ത് കുടിവെള്ളമൊഴികെയുള്ള മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ ജലസംരക്ഷണ പ്രവർത്തനങ്ങൾ, മിതവ്യയവും സുരക്ഷിതത്വവും സൗരോർജം പ്രോൽസാഹിപ്പിച്ചു കൊണ്ടുമുള്ള ഊർജസംരക്ഷണം, വീട്ടുവളപ്പിലെ എല്ലാ മാലിന്യങ്ങളും പരിസ്ഥിതി സൗഹൃദമായി ജൈവവളമാക്കുക, വളക്കുഴി നിർമിച്ചും ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് തരംതിരിച്ച് സൂക്ഷിച്ചുമുള്ള മാലിന്യ സംസ്‌കരണം, വളർത്തു പക്ഷികളെയും മൃഗങ്ങളെയും വീട്ടുവളപ്പിൽ സംരക്ഷിച്ച് പരിപാലിക്കൽ എന്നിവയൊക്കെയാണ് ഹരിതഭവനം പദ്ധതിയുടെ ലക്ഷ്യങ്ങൾ. പതിമൂന്നാം പഞ്ചവൽസര പദ്ധതിയിലെ കാർഷിക മേഖലയിൽ സംയോജിത പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രൊജക്ടാണ് ഹരിതഭവനം. അഞ്ചുസെന്റ് മുതൽ അഞ്ചേക്കർ വരെ ഭൂമിയുള്ളവർക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാവാം.