സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫീസുകളെ ഗ്രീന്‍ പ്രോട്ടോക്കാള്‍ പരിധിയില്‍ ഉള്‍പ്പെടുത്തി ജൈവ-അജൈവ മാലിന്യസംസ്‌കരണത്തിന് സംവിധാനമൊരുക്കുന്ന സീറോ വേസ്റ്റ് സിവില്‍ സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന മിനി ബയോപാര്‍ക്ക്, മിനി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററിന്റെ തറക്കലിടല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിര്‍വഹിച്ചു. നാം ഉപയോഗിക്കുന്ന മാലിന്യങ്ങള്‍ പൊതുഇടങ്ങളില്‍ വലിച്ചെറിയുന്ന പ്രവണതയ്ക്ക് പരിഹാരമാവാനും ശുചിത്വ ശീലത്തിന്റെ ഭാഗമാവാനും പദ്ധതിയിലൂടെ സാധിക്കും. 27 ലക്ഷം ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനത്തിന് വഴികാട്ടികളെന്ന നിലയില്‍ ഭരണകേന്ദ്രത്തില്‍ പദ്ധതി നടപ്പാക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധചെലുത്തണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു.
നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍.സുജാത അധ്യക്ഷയായ പരിപാടിയില്‍ റിട്ട.അസിസ്റ്റന്റ് കമ്മീഷനര്‍( ഇന്റലിജന്‍സ്) ജി.എസ്.ടി വകുപ്പ്-മുഹമ്മദ് മൂസ, അസിസ്റ്റന്റ് കമ്മീഷനര്‍ (ഇന്റലിജന്‍സ്) ജി.എസ്.ടി മുഷ്ത്താഫ് അലി, ഒറ്റപ്പാലം മിനി സിവില്‍ സ്റ്റേഷന്‍ ലേബര്‍ ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് നാരായണന്‍കുട്ടി എന്നിവര്‍ക്ക് ജില്ലാ പഞ്ചാത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി. ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്ല്യാണകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ എന്‍.ബെനില ബ്രൂണോ എന്നിവര്‍ സംസാരിച്ചു.