സർക്കാരിന്റെ വികസന മുന്നേറ്റത്തെ അധികരിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ‘മിഴിവ് 2019’ പ്രൊമോ വീഡിയോ മത്സരത്തിൽ രശ്മി രാധാകൃഷ്ണൻ ഒന്നാം സ്ഥാനം നേടി.  മാന്റോ കോണിക്കര, ജോയെൽ കൂവെള്ളൂർ എന്നിവർക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനം ലഭിച്ചു.  ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഫലകവും ലഭിക്കും.  50,000 രൂപ, 25,000 രൂപ എന്നിവയും സർട്ടിഫിക്കറ്റും ഫലകവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കും.
വിദേശത്ത് നിന്നടക്കം 147 എൻട്രികളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.  ഇതോടൊപ്പം പത്ത് പേർക്ക് പ്രോത്സാഹന സമ്മാനമായി 5000 രൂപ വീതവും സർട്ടിഫിക്കറ്റും നൽകും.
അഴകപ്പൻ, വിധു വിൻസന്റ്, സജീവ് പാഴൂർ എന്നിവരാണ് വിജയികളെ തിരഞ്ഞെടുത്തത്.  വിജയികൾക്കുള്ള സമ്മാനം ഇന്ന് (ഫെബ്രുവരി 27) വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ സമാപന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി സുഭാഷ് അറിയിച്ചു.