*ഔദ്യോഗികസ്ഥിതിവിവരക്കണക്ക് ശില്പശാല സംഘടിപ്പിച്ചു
ഇന്ത്യയെപ്പോലെ ബഹുസ്വര സാമൂഹികവ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് ഡാറ്റ ശേഖരണത്തിലെ ചെറിയ പിഴവുകൾപോലും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. ജനകീയാസൂത്രണപദ്ധതിയുടെ വിജയത്തിനു പ്രധാനകാരണം ആവശ്യാനുസരണം ഡാറ്റ ശേഖരിക്കാൻ കഴിഞ്ഞതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സാമ്പത്തികസ്ഥിതിവിവരക്കണക്ക് സംഘടിപ്പിച്ച ഔദ്യോഗികസ്ഥിതിവിവരക്കണക്ക് ലഭ്യതയും പ്രചാരണവും എന്ന വിഷയത്തിലെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശരിയായ ഡാറ്റയുടെ അഭാവം ആസൂത്രണത്തിന്റെ കാര്യത്തിൽ പ്രയാസമുണ്ടാക്കും. അനർഹർക്ക് ആനുകൂല്യങ്ങൾ കിട്ടുന്നത് ഒഴിവാക്കാനും അർഹരായവർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതാവശ്യമാണ്. ശരിയായ വിധത്തിലുള്ള ഫണ്ട് അലോക്കേഷൻ നടത്താനായില്ലെങ്കിൽ അത് സമൂഹത്തിൽ വ്യാപകമായ അസംതൃപ്തി സൃഷ്ടിക്കും. വിശദമായ സർവേ ഏതു പദ്ധതിക്കും പ്രധാനമാണ്. 80 ലക്ഷത്തോളം വരുന്ന കേരളത്തിലെ പ്രവാസികളുടെ സാമൂഹികാവസ്ഥ സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കോളേജുകളിലെ എൻഎസ്എസ് വോളണ്ടിയർമാരെയും മറ്റും ഇതിനായി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.

വകുപ്പ് തയ്യാറാക്കിയിട്ടുള്ള ജെൻഡർ സ്റ്റാറ്റിസ്റ്റിക്‌സ് 2017-18, ആന്വൽ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് 2017, റസിഡൻഷ്യൽ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് 2017, മെഡിക്കൽ സർട്ടിഫിക്കേഷൻ ഓഫ് കോസ് ഓഫ് ഡെത്ത് റിപ്പോർട്ട് 2017, പ്രൈവറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റിയൂഷൻ സർവ്വെ റിപ്പോർട്ട് 2017, അഗ്രികൾച്ചർ സ്റ്റാറ്റിസ്റ്റിക്‌സ് 2017-18 എന്നീ റിപ്പോർട്ടുകൾ മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു.
തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ശില്പശാലയിൽ ആസൂത്രണബോർഡ് അംഗം ഡോ.കെ.എൻ.ഹരിലാൽ അധ്യക്ഷത വഹിച്ചു. നാഷണൽ സാമ്പിൾ കേരള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്‌കർ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡയറക്ടർ ജനറൽ വി.രാമചന്ദ്രൻ, മുൻ ഡയറക്ടർ എ.മീരാസാഹിബ്, അഡീഷണൽ ഡയറക്ടർ (ജനറൽ) പി.വി.ബാബു എന്നിവർ സംസാരിച്ചു.