കൊച്ചി: പറവൂര്‍ നഗരസഭ ഭരണസമിതിയുടെ നാലാമത് ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി രാജു അവതരിപ്പിച്ചു. ഭവന നിര്‍മ്മാണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 44,30,54,264 രൂപ വരവും 43,70,81,471 രൂപ ചെലവും 59,72,793 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് ഇത്തവണത്തേത്. നിലവിലെ ഗുണഭോക്താക്കളെ കൂടാതെ പ്രളയത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച 185 ഗുണഭോക്താക്കളെ കൂടി ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020 മാര്‍ച്ച് 31 ഓടു കൂടി 400 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ച് ഭവനരഹിതരില്ലാത്ത നഗരമാക്കി പറവൂരിനെ മാറ്റുന്നതിനാണ് ഈ ബജറ്റ് വിഭാവനം ചെയ്യുന്നത്. ഇതിനായി നാല് കോടി രൂപ ബജറ്റില്‍ വകയിരുത്തി.

നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ്‌സ് മിഷന്‍ (എന്‍.യു.എല്‍.എം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെ.ആര്‍ വിജയന്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകള്‍നിലയില്‍ 1700 ചതുരശ്ര അടിയില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയ ശീതീകരിച്ച നഗര ഉപജീവന ബിസിനസ് സെന്റര്‍ ഈ വര്‍ഷം മാര്‍ച്ച് 31 ഓടു കൂടി പൂര്‍ത്തിയാകും. ഇത്തരത്തില്‍ കേരളത്തിലെ ആദ്യത്തെ സംരംഭമാണിത്. പറവൂര്‍ നഗര പരിസരത്തുള്ള അഭ്യസ്തവിദ്യരായ ആളുകള്‍ക്ക് ചെറിയ മുതല്‍മുടക്കോടെ സ്വയം സംരംഭം ആരംഭിക്കുന്നതിനുള്ള ബിസിനസ് സെന്ററായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ നടത്തിപ്പ് കുടുംബശ്രീ യൂണിറ്റിനാണ്. മാറുന്ന പറവൂരിനായി കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച അര്‍ബന്‍ സര്‍വീസ് ടീം, ഹൗസ് കീപ്പിംഗ് സ്‌കീം തുടങ്ങിയ എന്‍.യു.എല്‍.എം പദ്ധതിയില്‍പ്പെട്ട എല്ലാവിധ സേവനങ്ങളും ഉള്‍പ്പെടുന്ന നഗര ഉപജീവന കേന്ദ്രം കൂടിയാണ് നടപ്പാക്കുന്നത്. ഇതിനായി 30 ലക്ഷം രൂപ വകയിരുത്തി.

കഴിഞ്ഞ 20 വര്‍ഷമായി നഗരസഭാ ബജറ്റില്‍ സൂചിപ്പിച്ചിരുന്നതാണ് പെരുമ്പടന്ന കണ്ണംപറമ്പില്‍ ഒരു മൊബൈലിറ്റി ഹബ് സ്ഥാപിക്കുക എന്നത്. ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ലഭ്യമാക്കണമെങ്കില്‍ സ്ഥലം ഏറ്റെടുക്കലും കെട്ടിട നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള ഡീറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കി സമര്‍പ്പിക്കണം. ഇതിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ മൊബൈലിറ്റി ഹബ് ഒരു ശതാബ്ദി മന്ദിരം എന്ന നിലയിലാണ് ഉദ്ദേശിക്കുന്നത്. ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ മൊബൈലിറ്റി ഹബ് പൂര്‍ത്തിയാകും എന്ന് പ്രതീക്ഷിക്കുന്നു.