തകഴി : മൂന്ന് പ്രളയത്തെ അതിജീവിച്ച കുട്ടനാടിന്റെ വികസനത്തിനാണ് സർക്കാരും പൊതുമരാമത്തു വകുപ്പും പ്രഥമ പരിഗണന നൽകുന്നതെന്ന് പൊതുമരാമത്തു -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ
പറഞ്ഞു. നെടുമുടി -തകഴി നിവാസികളുടെ ദീർഘ നാളുകളായുള്ള സ്വപ്നമായിരുന്ന പടഹാരം പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ പാടെ തകർന്നു പോയ ആലപ്പുഴ -ചങ്ങനാശ്ശേരി റോഡടക്കം നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ലോകോത്തര നിലവാരത്തിലാണ് പുനർ നിർമ്മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടനാട് നിയോജക മണ്ഡലത്തിലെ തകഴി പഞ്ചായത്തിനെയും നെടുമുടി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് ദേശീയ ജലപാതയായ പമ്പ നദിക്ക് കുറുകെയാണ് പാലം നിർമ്മിക്കുന്നത്.സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 55 കോടി രൂപ മുടക്കിയാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. കിഫ്ബിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലയിൽ നിർമ്മാണം ആരംഭിക്കുന്ന രണ്ടാമത്തെ പാലമാണ് പടഹാരം പാലം. ബോക്‌സ് ഗർഡർ രീതിയാണ് പാലത്തിൻറെ ഡിസൈൻ. പൊതുമരാമത്ത് വകുപ്പിൻറെ ഡിസൈൻ വിഭാഗം രൂപ കൽപ്പന ചെയ്ത ഈ പാലത്തിന് 441 മീറ്റർ നീളമാണുള്ളത്. രണ്ട് വരി ഗതാഗതത്തിന് ആവശ്യമായ 7.5 മീറ്റർ കാരേജ് വേയും കാരേജ് വേയുടെ അടിയിലായി 1.5 മീറ്റർ നടപ്പാത ഉൾപ്പെടെ 10.30 മീറ്റർ ആണ് വീതി. 45 മീറ്റർ ആണ് പാലത്തിൻറെ ജല ഗതാഗത സ്പാൻ. പാലത്തിന് ഇരുവശങ്ങളിലുമായി 4 കി.മീ നീളത്തിൽ റോഡ് നിർമ്മാണവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തുങ്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. തകഴി ഗ്രാമപഞ്ചായത് പ്രസിഡന്റ് അംബിക ഷിബു,ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പ്രകാശൻ, തകഴി ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ജോമാ ബിജു, നെടുമുടി ഗ്രാമപഞ്ചായത് പ്രസിഡന്റ് എം. കെ ചാക്കോ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
