കൃഷിക്കാർ എടുത്ത എല്ലാ വായ്പകൾക്കും 2019 ഡിസംബർ 31 വരെ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാവിധ ജപ്തി നടപടികളും നിർത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്.എൽ.ബി.സി) പ്രതിനിധികളുടെ യോഗത്തിൽ ആവശ്യപ്പെട്ടു.

കൃഷി പുനരാരംഭിക്കുന്നതിന് കർഷകർക്ക് പുതിയ വായ്പ നൽകുന്നതിന് എസ്.എൽ.ബി.സി അംഗബാങ്കുകളോട് നിർദേശിക്കും. പുതിയ വായ്പക്ക് ഒരു വർഷത്തെ പലിശ സർക്കാർ നൽകുമെന്ന് തീരുമാനിച്ചിട്ടുണ്ട്. കാർഷിക വായ്പയുടെ പലിശ നിരക്ക് 9 ശതമാനമായി നിജപ്പെടുത്തണമെന്ന നിർദേശം യോഗം അംഗീകരിച്ചു. കാർഷിക കടാശ്വാസ കമ്മീഷന്റെ പരിധിയിൽ വാണിജ്യ ബാങ്കുകളെ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തോട് അനുകൂലമായാണ് ബാങ്ക് പ്രതിനിധികൾ പ്രതികരിച്ചത്. അടിയന്തരമായി എസ്.എൽ.ബി.സിയുടെ ഔപചാരിക യോഗം വിളിച്ചുചേർത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തുടർ നടപടികളെടുക്കാൻ തീരുമാനിച്ചു. ചില സാങ്കേതിക കാര്യങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൂടെ അനുമതി ആവശ്യമായിവരുന്ന സാഹചര്യത്തിൽ എസ്.എൽ.ബി.സിയും സർക്കാരും ഈ കാര്യങ്ങൾ ആർ.ബി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തും.

യോഗത്തിൽ മന്ത്രിമാരായ ഡോ. തോമസ് ഐസക്, വി.എസ്. സുനിൽകുമാർ, ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, കെ. കൃഷ്ണൻ കുട്ടി എന്നിവരും പങ്കെടുത്തു.

കൃഷിക്കാരുടെ പ്രയാസം മനസ്സിലാക്കി അവർക്ക് ആശ്വാസം പകരുന്ന സമീപനം ബാങ്കുകളിൽ നിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എതു വായ്പയും കൃഷിക്കാർ തിരിച്ചടയ്ക്കുന്നത് കൃഷിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്. കാർഷിക മേഖലയിലെ പ്രശ്‌നങ്ങളും പ്രളയവും അവരുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരുമായി ബാങ്കുകൾ പൂർണമായി സഹകരിക്കണം. മൊറട്ടോറിയം നിലനിൽക്കുന്ന സാഹചര്യത്തിൽ ജപ്തിയോ മറ്റു നടപടികളോ പാടില്ല. ഈ തീരുമാനം ലംഘിക്കാൻ ഒരു ബാങ്കിനെയും അനുവദിക്കരുത്. നിലവിലുള്ള കുടിശ്ശികയുടെ പേരിൽ പുതിയ വായ്പ കൊടുക്കാതിരുന്നാൽ പുതിയ കൃഷി ഇറക്കാൻ പറ്റില്ല. പുതിയ കൃഷി സാധ്യമാക്കാനാണ് ഒരു വർഷത്തെ പലിശ സർക്കാർ നൽകുന്നത്. പലിശ ഒമ്പതു ശതമാനത്തിൽ അധികരിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ സെക്രട്ടറി മനോജ് ജോഷി, കാർഷികോല്പാദന കമ്മീഷണർ, ഡി.കെ. സിങ്, കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം.ശിവശങ്കർ, എസ്.ബി.ഐ ജനറൽ മാനേജർ അരവിന്ദ് ഗുപ്ത, കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ നാഗേഷ് ജി. വൈദ്യ, എസ്.എൽ.ബി.സി കൺവീനർ ജി. കെ. മായ തുടങ്ങിയവർ പങ്കെടുത്തു.