സ്വകാര്യ ഐടിഐകളെ ഗ്രേഡ് ചെയ്യാനും ഉന്നതനിലവാരം പുലർത്തുന്നവയ്ക്ക് അവാർഡ് ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് തൊഴിൽ-നൈപുണ്യവികസനം-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. വെള്ളമുണ്ട ഗവൺമെന്റ് ഐടിഐ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ സാധ്യതകൾ വർധിപ്പിച്ച് ഐടിഐകളുടെ നിലവാരം ഉയർത്തും. 12 സർക്കാർ ഐടിഐകൾ ഉന്നതനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പരിഷ്‌കരണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 57 വിദ്യാർഥികളെ സർക്കാർ സഹായത്തോടെ സിംഗപ്പൂർ ഐടിഐയിലേക്ക് പരിശീലനത്തിനായി അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഐടിഐ സ്ഥാപനങ്ങൾ നിയമപരമായി പ്രവർത്തിക്കുന്നുണ്ടോയെന്നും വിദ്യാർഥികൾക്കാവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നുണ്ടോയെന്നും പരിശോധിക്കും.
കേരളത്തിൽ സർക്കാർ ഉടമസ്ഥതയിൽ 93 ഐടിഐകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു വർഷം സ്വകാര്യ ഐടിഐ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്ന് 75,000-ൽ അധികം വിദ്യാർഥികൾ പരിശീലനം നേടി പുറത്തുവരുന്നുണ്ട്. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 35 ലക്ഷം ആളുകളാണ് നിലവിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവയിൽ തൊഴിലുള്ളവരേയും ഇല്ലാത്തവരേയും കണ്ടെത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ഇതുവഴി കഴിയും. അഞ്ചേക്കർ ഭൂമി വെള്ളമുണ്ട ഐടിഐയ്ക്കായി ലഭ്യമാക്കിയാൽ കേരളത്തിലെ മികച്ച ഐടിയായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറണെന്നും മന്ത്രി പറഞ്ഞു. ഒ.ആർ കേളു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരുകോടി രൂപ കെട്ടിടം നിർമിക്കാനായി അനുവദിച്ചിട്ടുണ്ട്. ഒരു കോടികൂടി ലഭ്യമാക്കണമെന്ന് മന്ത്രി എംഎൽഎയോട് അഭ്യർഥിച്ചു.
പ്രളയാനന്തരം വയനാടിന്റെ പുനർനിർമാണത്തിന്റെ ഭാഗമായി കാപ്പി ഉൽപാദകരുടെ വരുമാനം കൂട്ടുന്നതിന് മലബാർ എന്ന പേരിൽ കാപ്പിയുടെ പ്രത്യേക ബ്രാൻഡ് ഇറക്കാനും തൊഴിലാളികളെ സംരക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതുവഴി ജില്ലയുടെ വരുമാനത്തിൽ ഉയർച്ചയുണ്ടാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഒ.ആർ കേളു എംഎൽഎ അധ്യക്ഷത വഹിച്ചു. റീജണൽ ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് കെ.പി ശിവശങ്കരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഐടിഐക്കായുള്ള സ്ഥലമെടുപ്പ് രേഖ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി വാർഡ് മെമ്പർ വി.എസ്.കെ തങ്ങളിൽ നിന്ന് എറ്റുവാങ്ങി. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി, വൈസ് പ്രസിഡന്റ് ആൻഡ്രൂസ് ജോസഫ്, ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.