സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും നിയമാവബോധം നല്‍കുന്ന പാരാ ലീഗല്‍ വൊളന്റിയേഴ്സിന്റെ സേവനം ഇനിമുതല്‍ അപ്രതീക്ഷിത ദുരന്തസാഹചര്യങ്ങളിലും തുണയാവും. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അഗ്‌നിരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച കമ്മ്യൂണിറ്റി റെസ്‌ക്യു വൊളന്റിയര്‍ സംഘത്തിന്റെ ഭാഗമാവാന്‍ ജില്ലയിലെ പാരാ ലീഗല്‍ വോളന്റിയേഴ്സിന് നല്‍കുന്ന പരിശീലനം പുരോഗമിച്ച് വരികയാണ്. പൊതുജനങ്ങളെ കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും പരിശീലനം നല്‍കുന്ന പദ്ധതിയാണ് കമ്മ്യൂണിറ്റി റെസ്‌ക്യു വൊളന്റിയര്‍ പദ്ധതി. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ജില്ലയിലാണ് പാരാലീഗല്‍ വൊളന്റിയേഴ്സിനെ അഗ്‌നിശമനസേന പരിശീലനത്തില്‍ പങ്കാളികളാക്കുന്നത്.
60 ഓളം പാരാ ലീഗല്‍ വൊളന്റിയേഴ്സിന് രണ്ടു ദിവസങ്ങളിലായി അഞ്ച് സെഷനുകളായാണ് വിവിധ അഗ്‌നിരക്ഷാ മാര്‍ഗങ്ങളെ സംബന്ധിച്ച് പരിശീലനം നല്‍കുന്നത്. ഇതുവരെ രണ്ടു സെഷനുകള്‍ പൂര്‍ത്തിയായി. പരിശീലനം മുഴുവനായി പൂര്‍ത്തിയാക്കിയതിന് ശേഷം ഇവര്‍ക്ക് ഐ.ഡി. കാര്‍ഡ് നല്‍കുമെന്ന് ജില്ലാ അഗ്‌നിശമന സേനാ മേധാവി അരുണ്‍ ഭാസ്‌ക്കര്‍ അറിയിച്ചു. അഗ്‌നിബാധ ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രാഥമിക അഗ്‌നിശമനികളുടെ ഉപയോഗം, എല്‍.പി.ജി- വൈദ്യുതി തുടങ്ങിയ അപകടങ്ങളിലെ മുന്‍കരുതലുകള്‍, ബഹുനില മന്ദിരങ്ങളിലെ അഗ്‌നിശമന പ്രവര്‍ത്തനം, പ്രഥമശുശ്രൂഷാ രീതികള്‍, ജലാശയങ്ങള്‍- കിണറുകള്‍ എന്നിവയിലുണ്ടാകുന്ന അപകടങ്ങള്‍, വാഹനാപകടങ്ങള്‍, മണ്ണിടിച്ചില്‍ എന്നീ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട രീതികള്‍ തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്.

ജില്ലയില്‍ ഇതുവരെ കോളെജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 1000ഓളം പേര്‍ കമ്മ്യൂണിറ്റി റെസ്‌ക്യൂ വൊളന്റിയര്‍ പദ്ധതിയില്‍ അംഗമാണ്. അഗ്‌നിശമനസേനാ അംഗങ്ങളുടെയും വൊളന്റിയര്‍മാരുടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശങ്ങള്‍ കൈമാറിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിപിക്കുക. എവിടെയെങ്കിലും അപകടം സംഭവിച്ചാല്‍ ഉടനെ അഗ്നിശമനസേന നമ്പറായ 101ല്‍ അറിയിച്ചാല്‍ സേനയുടെ നിര്‍ദേശ പ്രകാരം കമ്മ്യൂണിറ്റി റെസ്‌ക്യൂ സംഘത്തില്‍ ഉള്‍പ്പെട്ട പ്രദേശത്തെ വൊളന്റിയമാര്‍ക്ക് പ്രാഥമിക രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്നതാണ്. പൊള്ളലേറ്റവര്‍ക്കും മറ്റും പ്രഥമശുശ്രൂഷ നല്‍കുന്നതോടെ അപകടത്തിന്റെ തീവ്രത ഒരുപരിധി വരെ കുറയ്ക്കാനും സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍.