വയനാട് ലക്കിടിയിൽ തണ്ടർബോൾട്ടും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടി. വെടിവയ്പിൽ മാവോവാദി നേതാവ് സി.പി ജലീൽ കൊല്ലപ്പെട്ടു. സബ് കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി മേഖല. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കണ്ണൂർ റേഞ്ച് ഐജി ബൽറാം ഉപാധ്യായ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ബുധനാഴ്ച രാത്രി ലക്കിടിയിലെ ‘ഉപവൻ’ റിസോർട്ടിലാണ് വെടിവയ്പുണ്ടായത്. ഒമ്പതുമണിയോടെ റിസോർട്ടിനു സമീപത്ത് മാവോവാദികളെത്തി പണവും ഭക്ഷണവും ആവശ്യപ്പെട്ടെന്നാണ് ജീവനക്കാർ പറയുന്നത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വെടിവയ്പിനെ തുടർന്ന് കോഴിക്കോട്-കൊല്ലൈഗൽ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. നിലവിൽ ഗതാഗതം സാധാരണ നിലയിലാണ്.