സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന മന്ദഹാസം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 286 പേര്‍ കൃത്രിമ ദന്തനിരകളിലൂടെ പുഞ്ചിരി തൂകി. ദേശീയ ദന്തദിനത്തോടനുബന്ധിച്ചാണ് ജില്ലാ സാമൂഹ്യനീതി ഓഫീസ് കണക്ക് വ്യക്തമാക്കിയത്. 60 വയസിന് മുകളിലുള്ള ദാരിദ്ര രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി പൂര്‍ണ ദന്തനിര വെച്ചു നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് മന്ദഹാസം.
ആരോഗ്യ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ ആറ് എംപാനല്‍ ചെയ്ത ആശുപത്രി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതിയിലൂടെ പരമാവധി ഒരാള്‍ക്ക് 5000 രൂപ വരെ ചെലവഴിച്ചാണ് കൃത്രിമ ദന്തനിര വെച്ചുനല്‍കുന്നത്. ദന്തനിര വെച്ചുനല്‍കുന്ന സ്ഥാപനത്തിന് ആദ്യഘട്ടത്തില്‍ 50 ശതമാനവും തുടര്‍ന്ന് മുഴുവന്‍ തുകയും നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. എംപാനല്‍ ചെയ്ത ആശുപത്രികളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുഴുവന്‍ തുകയും ആദ്യഗഡുവില്‍ തന്നെ നല്‍കും. ആദ്യവര്‍ഷം 161 പേര്‍ക്കും ഈ വര്‍ഷം 125 പേര്‍ക്കുമാണ് ജില്ലയില്‍ ദന്തനിര വെച്ചു നല്‍കിയത്. പല്ലുകള്‍ പൂര്‍ണമായും ഭാഗികമായി നഷ്ടപ്പെട്ടവര്‍, അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാതെ പറിച്ചു മാറ്റേണ്ട അവസ്ഥയിലുമുള്ളവര്‍ എന്നിവരെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജനറല്‍ ആശുപത്രിയിലെ ഡെന്റല്‍ സര്‍ജന്‍ എന്നിവരുള്‍പ്പെടുന്ന സമിതി അപേക്ഷ പരിശോധിച്ച് ആനുകൂല്യത്തിന് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തും. കേവലം ചിരിപ്പിക്കുക എന്നത് മാത്രമല്ല പോഷകാഹാരം കഴിക്കാന്‍ വയോജനങ്ങളെ പ്രാപ്തരാക്കലുംമന്ദഹാസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
