75 ലക്ഷം വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്യും

പ്രളയാനന്തരം കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പുനര്‍ജനി പദ്ധതിയുമായി കൃഷി വകുപ്പും വി.എഫ്.പി.സി.കെ.യും (വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമൊഷന്‍ കൗണ്‍സില്‍ കേരളം) കുടുംബശ്രീയും കൈകോര്‍ക്കുന്നു. പദ്ധതിയുടെ ഭാഗമായി 75 ലക്ഷം വിത്ത് പായ്ക്കറ്റുകള്‍ വിതരണം ചെയ്യും. ഓരോ പായ്ക്കറ്റിലും അഞ്ചിനം പച്ചക്കറി വിത്തുകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കും. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് പുനര്‍ജനി പദ്ധതി നടപ്പാക്കുന്നത്.
തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ബ്രീഡര്‍ വിത്ത് നല്‍കി, അവരില്‍ നിന്നും ശേഖരിക്കുന്ന വിത്ത് ആലത്തൂര്‍ വി.എഫ്.പി.സി.കെ യുടെ വിത്ത് സംസ്‌കരണ ശാലയിലെത്തിച്ച് അവയില്‍ നിന്ന് ഗുണമേന്മയുള്ള വിത്തുകള്‍ വേര്‍തിരിച്ചാണ് വിതരണത്തിന് തയ്യാറാക്കുന്നത്. വിത്ത് പായ്ക്കറ്റുകള്‍ തയ്യാറാക്കാനുള്ള ചുമതല കുടുംബശ്രീക്കാണ്്. കഴിഞ്ഞ മാസത്തില്‍ തുടങ്ങിയ പായ്ക്കിങ് പുരോഗമിക്കുകയാണ്.
വെണ്ട, വഴുതന, മുളക്, പാവയ്ക്ക, മത്തന്‍, കുമ്പളം, പടവലം, ചീര, വിവിധയിനം പയറുകള്‍ തുടങ്ങിയ ഗുണനിലവാരമുള്ള വിത്ത് പായ്ക്കറ്റുകള്‍ കൃഷി ഓഫീസുകള്‍ മുഖാന്തിരം കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ക്ക് വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം ഓണത്തിന് മുറ്റത്തൊരു മുറം പച്ചക്കറി എന്ന പേരില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ തുടര്‍ച്ചയാണ് പുനര്‍ജനിയെന്ന പേരില്‍ നടപ്പാക്കുന്നത്.


കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാത്തൂര്‍, വടക്കഞ്ചേരി, കണ്ണമ്പ്ര, കിഴക്കഞ്ചേരി, തേങ്കുറിശ്ശി, കണ്ണാടി, പെരിങ്ങോട്ടുകുറുശ്ശി, വണ്ടാഴി എന്നീ സി.ഡി.എസുകളിലായി ഒമ്പത് പായ്ക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 300 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ വിത്ത് പായ്ക്കിങ് ജോലിയില്‍ ഏര്‍പ്പെടുന്നു. പദ്ധതിയിലൂടെ വിതരണത്തിന് തയ്യാറാക്കുന്ന ഒരു പായ്ക്കറ്റിന് ഒരു രൂപയാണ് വില. 75 ലക്ഷം കുടുംബശ്രീ വനിതകള്‍ക്ക് ഇതുവഴി വരുമാനം ലഭിക്കും. കാര്‍ഷിക അഭിവൃദ്ധിയോടൊപ്പം കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പു വരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ച രീതിയില്‍ വിത്ത് പായ്ക്കിങ് പൂര്‍ത്തിയാക്കുന്ന യൂണിറ്റുകള്‍ക്ക് പ്രത്യേക പരിശീലനവും സഹായവും നല്‍കി പായ്ക്കിങ് സംരംഭങ്ങളാക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ ഏജന്‍സികളുടേതടക്കമുള്ള പായ്ക്കിങ് ജോലികള്‍ ഏറ്റെടുക്കാന്‍ അവരെ പ്രാപ്തരാക്കും.