നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച എലവഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളും പല്ലശ്ശന പഞ്ചായത്തിലെ ഒരു റോഡും കെ.ബാബു എം.എല്‍.എ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. എലവഞ്ചേരി ഗ്രാമപഞ്ചായത്തിനു കീഴിലെ ശ്മശാനം റോഡ്, തുമ്പിടി -മാന്തായം പട്ടികജാതി കോളനി റോഡ്, പല്ലശ്ശനയിലെ പനങ്ങാട്ടിരി- മൊടക്കാട് റോഡുകളാണ് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചത്.
500 മീറ്റര്‍ റീ ടാറിങ്, പ്രളയത്തില്‍ ഒലിച്ചുപോയ 500 മീറ്റര്‍ റോഡ് പുനര്‍നിര്‍മ്മാണവുമാണ് തുമ്പിടി – മാന്തായം റോഡില്‍ പൂര്‍ത്തീയാക്കിയത്. കോളനിയിലെ ഇരുപതോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. പട്ടികജാതി വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷവും ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷവും ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്.
കോളനിക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണ് നിറവേറ്റപ്പെട്ടിരിക്കുന്നതെന്ന് റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് എം.എല്‍.എ പറഞ്ഞു. ബ്ലോക്കിന്റെ ജനറല്‍ ഫണ്ടില്‍ നിന്നും പത്ത് ലക്ഷം ചെലവഴിച്ച് ശ്മശാനം റോഡും പട്ടികജാതി വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം ഉപയോഗിച്ചുമാണ് തുമ്പിടി- മാന്തായം റോഡ് നിര്‍മിച്ചത്. അതത് പദ്ധതി പ്രദേശത്ത് നടന്ന പരിപാടിയില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ അധ്യക്ഷനായി. എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പരമേശ്വരന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.