ചിറ്റൂര്‍ ശ്രീ കുറുമ്പക്കാവ് അങ്കണവാടി, ജില്ലയിലെ മൂന്ന് അങ്കണവാടി വര്‍ക്കര്‍മാര്‍, മൂന്ന് ഹെല്‍പ്പര്‍മാര്‍, ഒരു സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. അങ്കണവാടി വര്‍ക്കര്‍മാരായ കുനിയന്‍പാടം വി.എ. ബേബി വിമല, പനയൂര്‍ വായനശാല കെ. ശാന്തകുമാരി, മാങ്കാവ് എ ജ്യോതി, ഹെല്‍പ്പര്‍മാരായ ബീന കുമാരി (തത്തമംഗലം -ആര്യന്‍പള്ളം), എം.പങ്കജം (എലപ്പുള്ളി – വാഴക്കോട്), പി.കെ ലിസി ( ഇരുമ്പകച്ചോല), കോങ്ങാട് പഞ്ചായത്തില്‍ സൂപ്പര്‍വൈസറായ കെ.മീനാക്ഷിക്കുട്ടി എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.14 ജില്ലകളിലെ ഓരോ മികച്ച അങ്കണവാടികള്‍, 36 അങ്കണവാടി വര്‍ക്കര്‍മാര്‍, 36 അങ്കണവാടി ഹെല്‍പ്പര്‍മാര്‍, 14 സൂപ്പര്‍വൈസര്‍മാര്‍, ഒരു ജില്ലാ കലക്ടര്‍, ഒരു പ്രോഗ്രാം ഓഫീസര്‍, ഒരു ശിശുവികസന പദ്ധതി ഓഫീസര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
സംയോജിത ശിശുവികസന പദ്ധതിയുടെ കീഴില്‍ 2017-18 വര്‍ഷം മികച്ച സേവനം കാഴ്ച വച്ച അങ്കണവാടികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ആരോഗ്യ- സാമൂഹ്യനീതി -വനിതാശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് (മാര്‍ച്ച് എട്ട്) വൈകീട്ട് മൂന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

മികച്ച അങ്കണവാടി കെട്ടിടം, അടുക്കളത്തോട്ടം, ശുചിത്വം, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍, കുട്ടികള്‍ക്ക് ലഭിക്കുന്ന സുരക്ഷിതവും സൗഹൃദപരമായ അന്തരീക്ഷം എന്നിവ കണക്കിലെടുത്താണ് ചിറ്റൂരിലെ 107-ാം നമ്പര്‍ ശ്രീ കുറുമ്പക്കാവ് അങ്കണവാടി ജില്ലയിലെ മികച്ച അങ്കണവാടിയായി തിരഞ്ഞെടുത്തത്. കുട്ടികള്‍ക്കായി പ്രത്യേക കളിമൂലയും കളിയുപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയ ചുമരുകളും കുട്ടികള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളോടുള്ള പെരുമാറ്റം, അവരെ അച്ചടക്കത്തോടെയും ശുചിത്വത്തോടെയും പരിപാലിക്കുന്നതില്‍ ഉള്ള കൃത്യത, അടുക്കളത്തോട്ടം, അങ്കണവാടി പരിസരം എന്നിവയുടെ സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് സൂപ്പര്‍വൈസര്‍, ഹെല്‍പര്‍, വര്‍ക്കര്‍ എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത്.