ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കുറിച്ച് വോട്ടര്‍മാര്‍ അറിയേണ്ട വിവരങ്ങളെല്ലാം നല്‍കാന്‍ വോട്ടോറിക്ഷ ജില്ലയില്‍ പര്യടനം തുടങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് പ്രത്യേകം സജ്ജീകരിച്ച ഓട്ടോറിക്ഷ വോട്ടോറിക്ഷയായി പര്യടനം നടത്തുന്നത്.
കളക്ട്രേറ്റ് അങ്കണത്തില്‍ നിന്നാരംഭിച്ച പര്യടനം  ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു  ഫ്‌ളാഗ് ഓഫ് ചെയ്തു. വോട്ടവകാശമുള്ള എല്ലാവരും വോട്ടു ചെയ്യുന്നു എന്ന് ഉറപ്പാക്കാനും പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്  അവസരമുണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണ് വോട്ടോറിക്ഷ വോട്ടോറിക്ഷ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.  തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി  കളക്ടര്‍ എം.വി സുരേഷ്‌കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ബി. അശോക്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തനികോട്ടയം ഭാഷയിലുള്ള സംഭാഷണവും പാട്ടും അനൗണ്‍സ്‌മെന്റു മൊക്കെയായാണ് വോട്ടോറിക്ഷ വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത്. പ്രചാരണ വാഹനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂണിയര്‍ സൂപ്രണ്ട് അനൂപ് മോഹന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ സബ്  എഡിറ്റര്‍ നിബി ആന്‍ മോഹന്‍ എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. കളക്ട്രേറ്റ് ജീവനക്കാരനായ പി.ഡി. മനോജ്, ക്ഷീരവികസന വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്ക് ബാബു സി മാത്യു, ഋതിക അന്ന ബാബു എന്നിവര്‍ ശബ്ദം നല്‍കിയിരിക്കുന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂണിയര്‍ ക്ലര്‍ക്ക് ജിനേഷ് ജോണാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.
ആദ്യദിനത്തില്‍ കോട്ടയം നിയമസഭാ നിയോജകമണ്ഡലത്തിലെ മുട്ടമ്പലം, നാട്ടകം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തിയ വോട്ടോറിക്ഷ ഇന്ന് (മാര്‍ച്ച് 15) ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ  തിരുവാര്‍പ്പ്, ചെങ്ങളം സൗത്ത്, കുമരകം, ആര്‍പ്പൂക്കര എന്നിവിടങ്ങളില്‍ സഞ്ചരിക്കും. പര്യടനം ഏപ്രില്‍ മൂന്നിന് സമാപിക്കും.