ആലപ്പുഴ: ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ഹരിത പരിപാലനചട്ടം കർശനമായി പാലിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടീകാറാം മീണ ജില്ലാ ഇലക്ഷൻ ഓഫീസർമാർക്കും ആർ.ഓമാർക്കും വിവിധ രാഷ്ട്രീയ പാർട്ടികൾക്കും നിർദ്ദേശം നൽകി. മനുഷ്യനും, പരിസ്ഥിതിയ്ക്കും ആപൽക്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിൾ വസ്തുക്കൾ മുതലായവ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കുവാൻ കഴിയുന്നതും പുനഃചംക്രമണത്തിനു വിധേയമാക്കുവാൻ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദമായി നടത്തുവാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ് ഇറക്കിയത്.
വിവിധ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, തുടങ്ങിയവ നിർമ്മിക്കുന്നതിന് പ്ലാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം പുനഃചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിയ്ക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.
രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടി
തോരണങ്ങൾ പൂർണ്ണമായും പ്ലാസ്റ്റിക് പി.വി.സി വിമുക്തമാക്കേണ്ടതാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങൾ, സൂചകങ്ങൾ, ബോർഡുകൾ തുടങ്ങിയവ കോട്ടൺ തുണി, പേപ്പർ തുടങ്ങിയ പുനഃചംക്രമണം ചെയ്യാൻ കഴിയുന്ന പരിസ്ഥിതി സൗഹാർദ്ദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് നിർമ്മിക്കേണ്ടതും എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും, ഡിസ്‌പോസിബിൾ വസ്തുക്കളും പരമാവധി ഒഴിവാക്കിക്കൊണ്ട് മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കേണ്ടതുമാണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
പോളിംഗ് ബൂത്തുകൾ/വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻസാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കേണ്ടതാണ്. പോളിംഗ് ഉദ്യോഗസ്ഥരും, ഏജന്റുമാരും ഭക്ഷണ പദാർത്ഥങ്ങൾ, കുടിവെള്ളം മുതലായവ കൊണ്ടുവരുവാൻ പ്ലാസ്റ്റിക് ബോട്ടിലുകളും. കണ്ടെയിനറുകളും പരമാവധി ഒഴിവാക്കേണ്ടതാണ്. ഹരിതകേരളം, ശുചിത്വ മിഷൻ എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ജില്ലാ, താലൂക്ക് പഞ്ചായത്ത് തലത്തിൽ ‘ഗ്രീൻ പ്രോട്ടോക്കോൾ ഫെസിലേറ്റഷൻ യൂണിറ്റുകൾ’ സജ്ജമാക്കേണ്ടതാണ്.
പൊതു തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷൻ ക്യാമ്പയിൻ മെറ്റീരിയലുകൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നൽകുന്ന ഫോട്ടോ വോട്ടർ സ്ലീപ്പ് പോളിംഗ് ബൂത്തിന്റെ പരിസരങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ഇവ ശേഖരിച്ച് കളക്ഷൻ സെന്ററുകളിൽ എത്തിച്ച് സ്‌ക്രാപ്പ് ഡീലേഴ്‌സിനു കൈമാറാനുള്ള നടപടികൾ ജില്ലാ കളക്ടർമാർ സ്വീകരിക്കേണ്ടതാണ് എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.