ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകേണ്ട മാസ്റ്റർ ട്രെയിനേഴ്‌സിന് പരിശീലനം നൽകി. പോളിങ് ഓഫീസർമാർക്ക് പ്രധാനമായും ക്ഷമയാണ് വേണ്ടെതെന്ന് മാസ്റ്റർ പരിശീലകർക്കുള്ള പരിശീലനത്തിൽ നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ മുമ്പിൽ ഇരിക്കുന്നവർ എന്താണോ ആഗ്രഹിക്കുന്നത് അതാണ് നൽകേണ്ടത്. വോട്ടർമാരോടും സഹപ്രവർത്തകരോടും ഇലക്ഷൻ ദിവസങ്ങളിൽ മികച്ച രീതിയിൽ പെരുമാറണം. ഈ കാലയളവിൽ പെരുമാറ്റ രീതിയും ഭാഷയും ശ്രദ്ധിക്കണം. ആശയവിനിമയം അച്ചടിഭാഷയിലാകുന്നതാണ് ഉചിതമെന്നും പരിശീലനത്തിൽ നിർദ്ദേശിച്ചു. ഉദ്യോഗസ്ഥർക്കെല്ലാം പ്രവൃത്തി പരിചയമാണ് വേണ്ടത്. വോട്ടിങ് മെഷീനുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യമായി പഠിക്കണമെന്നും പരിശീലകരോട് ആവശ്യപ്പെട്ടു. മോക്പോളിന് മുമ്പ്തന്നെ എല്ലാം തയ്യാറാക്കിയിരിക്കണം. പൊതുതിരഞ്ഞെടുപ്പ് പ്രക്രിയയുടെ കാതലായ ഭാഗമാണ് പ്രിസൈഡിങ് ഓഫീസർ. ബൂത്തിലെത്തിയാൽ എല്ലാവരും പോളിങ് സ്റ്റേഷൻ സജ്ജമാക്കിയിരിക്കണമെന്നും പരിശീലകർ നിർദ്ദേശിച്ചു. വോട്ടിങിന്റെ രഹസ്യ സ്വഭാവം കൃത്യമായി സൂക്ഷിച്ചിരിക്കണം. പോളിങ് ബൂത്തിനുള്ളിൽ മൊബൈലുമായി പ്രവേശിക്കാൻ ആരെയും അനുവദിക്കരുതെന്നും പരിശീലകരോട് ആവശ്യപ്പെട്ടു. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ പങ്കെടുത്തു.
