തെരഞ്ഞെടുപ്പ് സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍. കന്നി വോട്ടര്‍മാരെ നേരില്‍ സന്ദര്‍ശിച്ച് ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ വോട്ടുരേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും ബി.എല്‍.ഒ.മാര്‍ വിവരം നല്‍കുന്നു. വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷയിലുള്ള വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നത് ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണ്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവരെ നേരില്‍ കണ്ട് ബി എല്‍ ഒ മാര്‍ ശേഖരിച്ച വിവരങ്ങള്‍ സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍,ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ എന്നിവര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് പട്ടികയില്‍ പേരുചേര്‍ക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ സ്ലിപ് ബി എല്‍ ഒ മാര്‍ വിതരണം ചെയ്യും. വോട്ടെടുപ്പ് സമയത്തും വോട്ടര്‍പട്ടിക പരിശോധിക്കാനും വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനുമായി ബി എല്‍ ഒ മാരുടെ സേവനം ബൂത്തുകളിലുണ്ടാവുന്നതാണ്. ജില്ലയിലെ 2110 പോളിങ് ബൂത്തുകളിലും ചുമതലയുള്ള ബി എല്‍ ഒ മാര്‍ ഉണ്ടായിരിക്കും.
