ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കലിന് 17,110 പുതിയ അപേക്ഷകര്‍. 2018 ന് 18 വയസ്സ് തികയുന്നവരെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയിലേക്കാണ് ജില്ലയില്‍ നിന്ന് 17,110 പുതിയ അപേക്ഷകരുള്ളത്. ഇതില്‍ 74 പേര്‍ പ്രവാസികളാണ്.
വോട്ടര്‍ പട്ടിക പുതുക്കുന്നതിന് ഒക്‌ടോബര്‍ 31 ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കുന്നതിനും കൂടുതല്‍ ആളുകള്‍ അപേക്ഷിക്കുന്നതിനുമായി നവംബര്‍ നാല്, 18 തീയതികളില്‍ ഗ്രാമ സഭകളില്‍ വായിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതിയ അപേക്ഷ സ്വികരിക്കുന്നതിന് ഡിസംബര്‍ 15 വരെയാണ് കമ്മിഷന്‍ സമയമനുവദിച്ചത്. ലഭിച്ച അപേക്ഷകളില്‍ ഹിയറിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി 2018 ജനുവരി 15 ന് കമ്മീഷന്‍ പുതിയ പട്ടിക പ്രസിദ്ധീകരിക്കും.
പുതുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകന്‍ ഡോ.ബി. അശോക് കലക്ട്രറ്റില്‍ രാഷ്ട്രീയ കക്ഷി നേതാക്കുളുമായി സംസാരിച്ചു. ഇതിനു പുറമെ ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു.
രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ .വേണുഗോപാല്‍ (സി.പി.എം) സലിം കുരുവമ്പലം (മുസ്ലിം ലീഗ്) പി.എ.മജീദ്, (കോണ്‍ഗ്രസ്) ടി.ഹംസ പാലൂര്‍ (എന്‍.സി.പി) ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ എന്‍.വി.രഘുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.