ലോക്സഭ തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജില്ലയില്‍ പര്യടനം നടത്തുന്ന വോട്ടോറിക്ഷയോടൊപ്പം വിദ്യാര്‍ഥികളുടെ തെരുവുനാടകവും.
കോട്ടയം ബസേലിയസ് കോളജിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്‍റെ ഭാഗമായി തെരുവുനാടകം അവതരിപ്പിക്കുന്നത്.
വോട്ട് ഓരോ പൗരന്‍റെയും അവകാശമാണെന്നും പതിനെട്ടു വയസു തികഞ്ഞ എല്ലാവരും വോട്ട് ചെയ്യണമെന്നുമുള്ള സന്ദേശമാണ് തെരുവു നാടകത്തിലൂടെ ജനങ്ങള്‍ക്ക് നല്‍കുന്നത്. വോട്ടു രേഖപ്പെടുത്തിയതിന്‍റെ വിശദാംശങ്ങള്‍ കാണാന്‍ കഴിയുന്ന വി.വി പാറ്റ് സംവിധാനത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. സംഭാഷണങ്ങളും പാട്ടുകളുമായി 10 മിനിട്ട് നീണ്ടു നില്‍ക്കുന്ന തെരുവുനാടകത്തില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ 15 പേര്‍ അഭിനയിക്കുന്നു.
കോളജിലെ ഇലക്ടറല്‍ ലിറ്ററസി സെല്ലിന്‍റെ സഹകരണത്തോടെ ഒരുക്കിയ നാടകത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ സ്വാതി ജി. കൃഷ്ണയാണ്.
ഇന്നലെ (മാര്‍ച്ച് 16) കളക്ട്രേറ്റ് വളപ്പിലായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് കഞ്ഞിക്കുഴി, കളത്തിപ്പടി, മണര്‍കാട് എന്നിവിടങ്ങളില്‍ ഇന്നലെ വോട്ടോറിക്ഷയ്ക്കൊപ്പമെത്തി നാടകം അവതരിപ്പിച്ചു. ഏപ്രില്‍ മൂന്ന് വരെ പര്യടനം തുടരും. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രഫ. തോമസ് കുരുവിള, പ്രഫ. സാനി, പ്രഫ.മേരി, പ്രഫ. ബഞ്ചമിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.