ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാരുടെ സമാധാന ജീവിതത്തിന് തടസം വരുന്ന പ്രവൃത്തികളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഇടപെടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.
ഏതെങ്കിലും വ്യക്തിയുടേയോ സ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ, ഭൂമിയിലോ, മതിലുകളിലോ അവരുടെ അറിവോ സമ്മതമോ കൂടാതെ തെരഞ്ഞടുപ്പ് പ്രചാരണ സാധനങ്ങള്‍ രാഷ്ടീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ പ്രദര്‍ശിപ്പിക്കരുതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അവരുടെ അനുവാദമില്ലാതെ കൊടിമരം നാട്ടുകയോ ബാനറുകള്‍ കെട്ടുകയോ പ്രചാരണബോര്‍ഡുകള്‍ സ്ഥാപിക്കുകയോ ചെയ്യരുത്. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇത് ബാധകമാണ്. ഇക്കാര്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ എടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.