പാലക്കാട് ജില്ലാ ഹെഡ് കോര്‍ട്ടേഴ്‌സ് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് വ്യക്തിത്വ വികസന, മോട്ടിവേഷന്‍ ട്രെയിനിങ് ക്ലാസ്സ് ഡി.ആര്‍.ഡി.എ ഹാളില്‍ നടന്നു. പരിശീലനത്തില്‍ വ്യക്തിത്വ വികസനം, ഉല്‍ക്കണ്ഠ കുറയ്‌ക്കേണ്ടത് എങ്ങനെ, സമയം വിനിയോഗം, സാമ്പത്തിക ആസൂത്രണം, സാമ്പത്തിക അച്ചടക്കം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ലാസുകളെടുത്തു. ബജറ്റ് തയ്യാറാക്കുക, ദിവസേനയുള്ള ചെലവുകള്‍ കണക്കുകൂട്ടുക, ആവശ്യ, അനാവശ്യ ആഡംബര ചിലവുകള്‍ വേര്‍തിരിക്കുക, ക്രെഡിറ്റ് കാര്‍ഡ് ബുദ്ധിപൂര്‍വം വിനിയോഗിക്കുക, ധൂര്‍ത്തരായ സുഹൃത്തുക്കളെ ഒഴിവാക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ സാമ്പത്തിക ആസൂത്രണം നടത്തേണ്ടതെങ്ങനെ എന്ന് വിശദമായി പ്രതിപാദിച്ചു. ലാഭകരവും സുതാര്യവുമായ സമ്പാദ്യ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നത് വഴി സാമ്പത്തിക നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെങ്ങനെ എന്ന് വിശദമാക്കി. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ എ.പ്രസാദ് ആമുഖ പ്രഭാഷണം നടത്തി. തൃശ്ശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി. അനില്‍കുമാര്‍ ക്ലാസ്സെടുത്തു. 140 ഏജന്റുമാര്‍ ക്ലാസ്സില്‍ പങ്കെടുത്തു.