ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച ഏതുതരം പരാതികളും തെരഞ്ഞെടുപ്പു കമ്മീഷന്റെ സി വിജില്‍(സിറ്റിസണ്‍സ് വിജില്‍) എന്ന ആപ്ലിക്കേഷനിലൂടെ അയക്കാം. ഈ ആപ്പ് വഴി അയക്കുന്ന പരാതികളിന്മേല്‍ ഉടനടി നടപടി എടുക്കുമെന്നതാണു പ്രധാന പ്രത്യേകത.
കാസര്‍കോട് ജില്ലയില്‍ ഇതുവരെ 19 പരാതികള്‍ ലഭിച്ചു.ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ജില്ലാ കളക്ടറേറ്റിലാണ് സിവിജിലിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാല്‍ അത് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ഫോട്ടോയോ വീഡിയോയോ ആയി പകര്‍ത്തി സി വിജില്‍ ആപ്പ് വഴി ജില്ലാ തെരഞ്ഞെടുപ്പ് സെന്ററുകളിലേയ്ക്ക് അയക്കാം. അവിടുന്ന് സന്ദേശം അതാത് നിയമസഭാ മണ്ഡലം സ്‌ക്വാഡുകള്‍ക്കു കൈമാറും. അവര്‍ സ്ഥലത്ത് എത്തി നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടി ഉടന്‍ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ചു ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും. പരാതി അപ്‌ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ പരാതിയുടെ ഫോളോഅപ്പ് മൊബൈലില്‍ തന്നെ ട്രാക്ക് ചെയ്യാന്‍ വോട്ടര്‍ക്കു കഴിയും. ഒരാള്‍ക്ക് ഒന്നിലധികം ചട്ടലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നതാണു മറ്റൊരു പ്രത്യേകത. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
മൊബൈല്‍ ഫോണില്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാകും വിധമാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ചട്ടലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങള്‍ മാത്രമേ ഈ ആപ്പ് വഴി അയക്കാന്‍ സാധിക്കു. മറ്റുള്ളവര്‍ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കില്ല. അതിനാല്‍ വ്യാജമായ പരാതികള്‍ ഒഴിവാക്കാന്‍ കഴിയും. ചട്ടലംഘനം എന്ന പേരില്‍ വാട്ട്‌സാപ്പിലുടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ നിജസ്ഥിതി അറിയാതെ ആപ്പ് വഴി അയക്കുന്നതു തടയാനാണു സ്വന്തം ഫോണ്‍ക്യാമറ വഴി എടുത്ത ചിത്രങ്ങള്‍ക്കു മാത്രമായി നിയന്ത്രണം വരുത്തിയിരിക്കുന്നത്. പരാതിക്കാരനു നേരിട്ടു ബോധ്യമായ പരാതി മാത്രമേ അയയ്ക്കാന്‍ കഴിയുവെന്നു ചുരുക്കം.
തുടര്‍ച്ചയായി അഞ്ചു മിനിറ്റു മാത്രമേ ഈ ആപ്പ് പ്രവര്‍ത്തിക്കു. അഞ്ചു മിനുട്ട് കഴിഞ്ഞാല്‍ ആപ്പിന്റെ പ്രവര്‍ത്തനം നിലയ്ക്കും. വീണ്ടും ആപ്പ് തുറന്നു പരാതി അഞ്ചു മിനുറ്റില്‍ ഒതുക്കി പകര്‍ത്തി അയയ്‌ക്കേണ്ടി വരും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും പ്രചാരണ ഘട്ടത്തിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്താനും ഒട്ടേറെ നൂതന വിദ്യകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രൂപം നല്‍കിയിട്ടുണ്ട്. സി വിജില്‍ ആപ് പ്ലേസ്റ്റോറില്‍ ലഭിക്കും. www.ceo.kerala.gov.in/home.html
മറ്റുതരത്തിലുള്ള തെരഞ്ഞെടുപ്പ് പരാതികള്‍ അറിയിക്കാന്‍ 04994 255825, 04994 255676 എന്നീ നമ്പറുകളിലേക്കും വിളിക്കാം. വോട്ടേഴ്‌സിനുള്ള സഹായത്തിനായി 1950 എന്ന നമ്പറിലേക്കും വിളിക്കാം.