ജില്ലയില്‍ വേനല്‍ച്ചൂടിന്റെ കാഠിന്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചിക്കന്‍പോക്സ്, മഞ്ഞപ്പിത്ത രോഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 28 വരെ ജില്ലയില്‍ 204 പേരാണ് ചിക്കന്‍പോക്സ് രോഗലക്ഷണവുമായി ചികിത്സ തേടിയെത്തിയത്. രണ്ടുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാലയളവില്‍ മഞ്ഞപ്പിത്ത രോഗലക്ഷണവുമായി 29 പേര്‍ ചികിത്സ തേടി. താഴെ പറയുന്ന രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ചിക്കന്‍പോക്‌സ്: രോഗലക്ഷണങ്ങള്‍
വായുവിലൂടെ പകരുന്ന വാരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്സിന് കാരണം. പനി, തലവേദന, തുമ്മല്‍, ശരീരവേദന, നടുവേദന, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകള്‍, കഠിനമായ ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങള്‍.
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് 10-21 ദിവസത്തിനുള്ളില്‍ ഇവ പ്രകടമാകും. ആളുകള്‍ കൂടി താമസിക്കുന്ന ഹോസ്റ്റല്‍, തൊഴിലാളികളുടെ ക്യാമ്പുകള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ പകര്‍ച്ചാ സാധ്യത കൂടുതലാണ്. കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ പൊതുവെ കുറവായിരിക്കും. പ്രായമായവര്‍ ചിക്കന്‍പോക്സ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തേടണം. അല്ലെങ്കില്‍ ന്യൂമോണിയ, മസ്തിഷ്‌കജ്വരം എന്നീ രോഗങ്ങള്‍ കൂടി വരികയും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് രോഗം വന്നാല്‍ അബോര്‍ഷന്‍, ജനിക്കുന്ന കുട്ടികളില്‍ ജന്മവൈകല്യം, നവജാതശിശുക്കളുടെ മരണം എന്നിവയ്ക്ക് കാരണമായേക്കാം.
പ്രതിരോധ രീതി
ചിക്കന്‍പോക്സ് ബാധിച്ചവര്‍ക്ക് പൂര്‍ണ വിശ്രമം ആവശ്യമാണ്. രോഗിയ്ക്ക് പോഷകാഹാരവും ധാരാളം വെള്ളവും നല്‍കണം. രോഗികള്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കണം. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കണം. ചിക്കന്‍പോക്സ് ബാധിച്ചാല്‍ കുറച്ച് ദിവസത്തേയ്ക്ക് കുളിക്കരുതെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ദിവസവും കുളിച്ച് ശുചിത്വം പാലിച്ചില്ലെങ്കില്‍ കുമിളകളില്‍ അണുബാധയേല്‍ക്കാനും വ്രണം ഉണ്ടാവാനും സാധ്യതയുണ്ട്. സോപ്പ് ഉപയോഗിക്കാതെ ഇളംചൂട് വെള്ളത്തില്‍ അല്‍പം ഡെറ്റോളോ മറ്റ് അണുനാശിനിയോ ചേര്‍ത്ത് കുമിളകള്‍ പൊട്ടാതെ മൃദുവായി കുളിക്കുന്നത് ഉത്തമമാണ്. ഫലപ്രദമായ ആന്റിവൈറല്‍ ചികിത്സയിലൂടെ അസുഖം പൂര്‍ണ്ണമായി ഭേദമാക്കാനും ശരീരത്തില്‍ വ്യാപകമായി കുമിളകള്‍ പൊന്തി രോഗം മാരകമാക്കുന്നത് തടയാനും സാധിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബ- സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.
മഞ്ഞപ്പിത്തം: രോഗലക്ഷണങ്ങള്‍
ജലത്തിലൂടെ പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം. ശരീരവേദന, പനി, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ മുഖ്യ രോഗലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. ആഹാരത്തിന്്് മുന്‍പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. മലമൂത്ര വിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക. ശീതള പാനീയങ്ങള്‍, സംഭാരം, ഐസ്‌ക്രീം എന്നിവ ശുദ്ധജലത്തില്‍ മാത്രം തയ്യാറാക്കുക.
സൂപ്പര്‍ ക്ലോറിനേഷന്‍ നിര്‍ബന്ധം
കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും കൃത്യമായ ഇടവേളകളില്‍ മതിയായ അളവില്‍ ക്ലോറിനേഷന്‍ നടത്തുക. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തെത്തുടര്‍ന്ന് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ മഞ്ഞപ്പിത്ത അണുബാധ കൂടുതലാണെന്നും ഈ മേഖലയില്‍ രണ്ടാഴ്ചയിലൊരിക്കല്‍ കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും സൂപ്പര്‍ ക്ലോറിനേഷന്‍ നിര്‍ബന്ധമായും നടത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബോധവത്ക്കരണം സജീവമാക്കി ആരോഗ്യ ജാഗ്രത
സംസ്ഥാന സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിദിന പ്രതിരോധ പദ്ധതിയായ ആരോഗ്യജാഗ്രത പ്രകാരം ജില്ലയിലും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഹോട്ടലുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ച ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍, ജില്ലാമെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് ആരോഗ്യ ജാഗ്രത സംബന്ധിച്ച് അവലോകനയോഗവും നടക്കുന്നുണ്ട്.