തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പതിക്കുന്ന ഫ്‌ളക്‌സുകള്‍ സൗഹൃദമാണെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പ്രിന്റിങ് സ്ഥാപനങ്ങളില്‍ ശുചിത്വമിഷന്‍ ജില്ലാ ടീം പരിശോധന നടത്തി വരുന്നുണ്ട്. ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനില ബ്രൂണോയുടെ നേതൃത്വത്തില്‍ മൂന്നംഗ ടീം നിലവില്‍ പാലക്കാടും പരിസരപ്രദേശങ്ങളിലുമുള്ള കടകളില്‍ പരിശോധന നടത്തിയത്. പ്രിന്റിങ് സാമഗ്രികള്‍ ഏതൊക്കെ ഉപയോഗിക്കാമെന്ന് കടയുടമകളെ ബോധവത്ക്കരിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മുമ്പ് യോഗം വിളിച്ചിരുന്നു. കൊറിയന്‍ ക്ലോത്ത്, എക്കോ ഫാബ് ക്ലോത്ത് എന്നിവ നിരോധിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ബോഹര്‍, ക്യൂ പ്രിന്റ് കോട്ടണ്‍, ഇക്കോ പി.ആര്‍.എം, പി.ആര്‍.എം ക്യാന്‍വാസ് ക്ലോത്ത് എന്നിവ ഉപയോഗിച്ചാണ് പ്രചരണ സാമഗ്രികള്‍ നിര്‍മ്മിക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശം ലഭിക്കുന്നതിനു മുമ്പ് തയ്യാറാക്കിയ നിരോധിത പ്രചരണ സാമഗ്രികള്‍ പൂര്‍ണമായും ഒഴിവാക്കാനും ശുചിത്വ മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.