ഇടിയം വയൽ അമ്പലക്കൊല്ലി കോളനിയുടെ അസൗകര്യങ്ങൾക്കിടയിൽ നിന്ന് ശ്രീധന്യ പൊരുതി നേടിയ സിവിൽ സർവ്വീസ് റാങ്കിന് മറ്റെന്തിനേക്കാളും തിളക്കമുണ്ട്. മെയിൻ എക്‌സാമും ഇന്റർവ്യൂവും ആദ്യ കടമ്പയിൽ തന്നെ മറികടന്ന് കുറിച്യ വിഭാഗത്തിലെ ഈ മിടുക്കി നടന്നുകയറിയത് ചരിത്രത്തിലേക്ക്. വയനാട് പൊഴുതന ഇടിയംവയലിന് സമീപം അമ്പലക്കൊല്ലിയിലെ സുരേഷിന്റെയും കലമയുടെയും മകളായ ശ്രീധന്യയിലൂടെ ഗോത്രവിഭാഗത്തിലെ ആദ്യ ഐ.എ.എസുകാരിയെയാണ് കേരളത്തിന് സ്വന്തമായത്. ദാരിദ്ര്യങ്ങൾക്കിടയിലായിരുന്നു ശ്രീധന്യയുടെ പഠനം. തൊഴിലുറപ്പ് ജോലിക്കാരനായ അഛൻ സുരേഷിനും അമ്മ കമലക്കും സഹോദരങ്ങളായ സുഷിതക്കും ശ്രീരാഗിനുമൊപ്പം കോളനിയിലെ ചെറിയ വീട്ടിൽ നിന്നാണ് അവൾ വലിയ സ്വപ്‌നങ്ങൾ ആദ്യം കണ്ട് തുടങ്ങിയത്. തരിയോട് നിർമല ഹൈസ്‌കൂളിൽ നിന്നു പ്രാഥമിക പഠനവും ജി.എച്ച്.എസ്.എസ് തരിയോടിൽ നിന്ന് പ്ലസ്ടുവും പൂർത്തിയാക്കിയ ശ്രീധന്യ ദേവഗിരി കോളജിൽ നിന്ന് ബി.എസ്.സി സുവോളജിയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിൽ നിന്ന് എംഎസ്.സി അപ്ലൈഡ് സുവോളജിയും പൂർത്തിയാക്കി.
പഠനത്തോടുള്ള മോഹം ശ്രീധന്യയിൽ തുടർന്നെങ്കിലും സാമ്പത്തിക പരാധീനകൾ അവളെ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. 2016-ൽ മണ്ണന്തല ഐ.എ.എസ് കോച്ചിംഗ് സെന്ററിൽ എസ്.എസി. എസ്.ടി വിഭാഗങ്ങൾക്ക് സാമ്പത്തിക ഇളവിൽ പ്രതീക്ഷയർപ്പിച്ച് സിവിൽ സർവ്വീസ് പരിശീലനത്തിന് ചേർന്നു. അതിനിടെ സഹോദരിയുടെ കുഞ്ഞിന്റെ ചികിത്സക്കായി കുടുംബം തിരുവനന്തപുരത്തേക്ക് മാറിയതോടെ പഠനം പാതിവഴിയിലായി. കുഞ്ഞിന്റെ ചികിത്സക്കായി തിരുവനന്തപുരത്ത് വാടകക്കെടുത്ത വീട്ടിൽ താമസിക്കെയാണ് ഫോർച്യൂൺ ഐ.എ.എസ് പരിശീലനകേന്ദ്രത്തിലെ അധ്യാപകന്റെ സഹായത്തോടെ സിവിൽ സർവ്വീസ് പരിശീലനം തുടരാൻ അവസരം ലഭിക്കുന്നത്. ഈ അവസരം കഠിനാധ്വാത്തിലൂടെ മുതലാക്കി ശ്രീധന്യ നാടിന്റെ അഭിമാനമാവുകയും ചെയ്തു. പരീക്ഷകൾക്ക് ശേഷം ഫെബ്രുവരി രണ്ടിന് നടന്ന അഭിമുഖ പരീക്ഷയിൽ 410ാം റാങ്ക് നേടി ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു ഈ മിടുക്കി.
കഠിനാധ്വാനം കൊണ്ട് ചരിത്രം രചിച്ച സിവിൽ സർവ്വീസ് റാങ്കുകാരി ശ്രീധന്യക്ക് അനുമോദനപ്രവാഹമാണ്. അപ്രാപ്യമെന്ന് കരുതി ഒഴിഞ്ഞുനിന്നിരുന്ന ഗോത്രവിഭാഗ വിദ്യാർത്ഥികളെ സിവിൽ സർവ്വീസ് രംഗത്തേക്ക് സ്വാഗതം ചെയ്യുകയാണ് സ്വപ്രയത്‌നം കൊണ്ട് ശ്രീധന്യ നേടിയ സ്വപ്‌നവിജയം. പരീക്ഷാ ഫലം പുറത്ത് വന്നത് മുതൽ രാജ്യം ഈ മിടുക്കിയെ അനുമോദനങ്ങൾ കൊണ്ട് മൂടുകയാണ്.  വിവരമറിഞ്ഞ് ആശംസകളുമായി നൂറുകണക്കിന് പേരാണ് ഇടിയംവലയിലെ അമ്പലക്കൊല്ലി ആദിവാസികോളനിയിലെ ശ്രീധന്യയുടെ വീട്ടിലെത്തുന്നത്…