*കാസർകോട്ടേക്കുള്ള ഇ. വി. എം., ടെൻഡേർഡ് ബാലറ്റുകൾ കൈമാറി
കാസർകോട് മണ്ഡലത്തിലേക്കുള്ള ഇ. വി. എം,  ടെൻഡേർഡ് ബാലറ്റുകൾ അച്ചടി പൂർത്തിയായി. തിരുവനന്തപുരം സർക്കാർ സെൻട്രൽ പ്രസ്സിൽ അച്ചടിച്ച ബാലറ്റുകൾ പ്രസ് ഡയറക്ടർ എ. മുരളീധരനിൽ നിന്നും കാസർകോഡ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എസ്. എൽ. സജികുമാർ ഏറ്റുവാങ്ങി. കാസർകോട്ടേക്ക് മാത്രം 33380 ബാലറ്റുകളാണ്  തയ്യാറാക്കിയത്. ഇതിൽ 1740 എണ്ണം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലേക്കുള്ളതാണ്. മലയാളത്തിനു പുറമേ കന്നട ഭാഷയും ബാലറ്റിലുണ്ട്.
20 മണ്ഡലങ്ങളിലേക്കായി 6,33000  ഇ. വി. എം, ടെൻഡേർഡ് ബാലറ്റുകളാണ്  സെൻട്രൽ പ്രസ്സിൽ അച്ചടിക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം മണ്ഡലങ്ങളിലേക്കുള്ള പോസ്റ്റൽ ബാലറ്റുകളും ഇവിടെയാണ് അച്ചടിക്കുന്നത്. ബാക്കിയുള്ള പോസ്റ്റൽ ബാലറ്റുകൾ ആറ് ബ്രാഞ്ച് പ്രസ്സുകളിൽ അച്ചടിക്കും. ഈ മാസം 13 നുള്ളിൽ എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റുകൾ വിതരണം ചെയ്യുമെന്ന് പ്രസ് സൂപ്രണ്ട് ഷീല എം. ജി. പറഞ്ഞു. അന്തിമ സ്ഥാനാർത്ഥി പട്ടിക വന്ന ദിവസം രാത്രി മുതലാണ് ബാലറ്റ് അച്ചടി പ്രവർത്തനങ്ങൾ തുടങ്ങിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ഓരോ ഘട്ടത്തിലും തേടിയിരുന്നതായും സൂപണ്ട് പറഞ്ഞു.