കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നായ പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശവുമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മാതൃക ഹരിത പോളിംഗ് ബൂത്ത് ഒരുങ്ങുന്നു. പ്രകൃതിയോടിണങ്ങി എങ്ങനെ തിരഞ്ഞെടുപ്പ് നടത്താമെന്ന് അവബോധം നല്‍കുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷനുമായി ചേര്‍ന്നാണ് പ്രകൃതി സൗഹൃദ മാതൃക പോളിങ് ബൂത്ത് ഒരുക്കുന്നത്. 46.5 ചതുരശ്ര അടിയില്‍ മുളയും ഓലയും ഉള്‍പ്പടെ പൂര്‍ണമായും പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് ് ബൂത്തിന്റെ നിര്‍മാണം. ഹരിത പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംശയങ്ങള്‍ തീര്‍ക്കുന്നതിനായി ഹെല്‍പ് ഡെസ്‌ക് സൗകര്യവും ബൂത്തില്‍ ഉണ്ടാവും. ഇലക്ട്രേണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് എന്നിവയും വോട്ടര്‍മാര്‍ക്കുള്ള അറിയിപ്പുകള്‍, ലഘുലേഖ എന്നിവയും ബൂത്തിനുള്ളില്‍ ഒരുക്കും. മണ്‍പാത്രത്തില്‍ കുടിവെള്ളം, മുളകൊണ്ട് നിര്‍മ്മിക്കുന്ന ടേബിള്‍, ഇരിപ്പിടങ്ങള്‍ എന്നിവയും മാതൃകാ ബൂത്തില്‍ ഉണ്ടാവും.
