ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുശേഷം ജില്ലയില്‍ നിന്നു മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 14,67,120 രൂപ ഇതുവരെ പിടിച്ചെടുത്തതായി എക്‌സപെന്‍ഡീച്ചര്‍ മോണിറ്ററിങ് കമ്മിറ്റി നോഡല്‍ ഓഫീസര്‍ കെ സതീശന്‍ പറഞ്ഞു. ഫ്‌ളയിംങ്ങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം എന്നിവ നടത്തിയ പരിശോധനയിലാണ് തുക പിടികൂടിയത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളില്‍നിന്നും അയല്‍ ജില്ലയില്‍ നിന്നും അനധികൃതമായി ജില്ലയിലേക്ക് പണം എത്തുന്നുണ്ടോയെന്നറിയാന്‍ ഫ്‌ളയിങ്ങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം എന്നിവയുടെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും തുക പിടികൂടിയത്.
50,000 രൂപവരെയാണ് ഒരാള്‍ക്ക് കൈവശം വച്ച് യാത്രചെയ്യാവുന്ന തുക. അതില്‍ കൂടുതല്‍ തുക കൈവശം വച്ച് യാത്ര ചെയ്യുകയാണെങ്കില്‍ മതിയായ രേഖകള്‍ കൂടി കൈയില്‍ കരുതണം. രേഖകള്‍ ഇല്ലാതെ പിടികൂടുന്ന പണം ട്രഷറിയില്‍ സൂക്ഷിക്കും. അതോടൊപ്പം തന്നെ കണ്ടുകെട്ടിയതിന്റെ വിശദവിവരം പണത്തിന്റെ ഉടമസ്ഥനെ അറിയിക്കും. കുറ്റാരോപിതനായ വ്യക്തിക്ക് അപ്പീല്‍ അധികാരി മുഖേനെ തന്റെ പരാതി ബോധിപ്പിക്കാം. തുടര്‍ന്ന് എക്‌സപെന്‍ഡീച്ചര്‍ മോണിറ്ററിങ് കമ്മിറ്റി നോഡല്‍ ഓഫീസര്‍, ജില്ലാ ട്രഷറി ഓഫീസര്‍, പി എ യു പ്രൊജക്ട് ഡയറക്ടര്‍ എന്നിവര്‍ മെമ്പര്‍മാരായി പ്രവര്‍ത്തിക്കുന്ന അപ്പീല്‍ കമ്മിറ്റി യോഗം ചേരും. വസ്തുതകളും രേഖകളും പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ പണം വിട്ടു നല്‍കും. അല്ലാത്തപക്ഷം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും കോടതിയുടെ അന്തിമവിധി അനുസരിച്ച് മുന്നോട്ട് പോകും.
