ലോക്സഭയിലേക്കു കഴിഞ്ഞ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്തു ജില്ലാ കുടുംബശ്രീ മിഷന്‍ നേടിയത് 27 ലക്ഷം രൂപ. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ 968 പോളിങ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് തെരഞ്ഞെടുപ്പ് ദിനത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ അയല്‍ക്കൂട്ടങ്ങള്‍ വഴി ഭക്ഷണമൊരുക്കി നല്‍കിയത്. തെരഞ്ഞെടുപ്പ് സാധന സാമഗ്രികള്‍ കൈപ്പറ്റാന്‍ ഉദ്യോഗസ്ഥര്‍ എത്തിയ സ്വീകരണ-വിതരണ കേന്ദ്രങ്ങളായ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലും പടന്നക്കാട് നെഹ്റു കോളേജിലും  പത്ത് സ്റ്റാളുകളിലുമായി കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിരുന്നു.
മുന്‍വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന ഭക്ഷണം നല്‍കാനുള്ള ക്രമീകരണം ഒരുക്കിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് തെരഞ്ഞെടുപ്പ് ദിനത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണ സൗകര്യമൊരുക്കിയത്. കൂടാതെ അതത് പോളിങ് ബൂത്തുകളിലെ ശുചിത്വമുള്‍പ്പെടെയുള്ള കാര്യങ്ങളും കുടുംബശ്രീയുടെ മേല്‍നോട്ടത്തിലാണു നടത്തിയത്.
തെരഞ്ഞെടുപ്പ് ദിനത്തിനു പുറമെ ഏപ്രില്‍ 22ന് വൈകീട്ട് പോളിങ് ബൂത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണവും കുടുംബശ്രീ ഒരുക്കിയിരുന്നു. പോളിങ് ബൂത്തിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് 200 രൂപയുടെ കൂപ്പണാണു വിതരണം ചെയ്തത്. ഇതുപയോഗിച്ച് തെരഞ്ഞെടുപ്പ് ദിനത്തില്‍ അഞ്ചുനേരത്തെ ഭക്ഷണമാണു നല്‍കി.തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുള്ള  പരിശീലന ക്ലാസുകളിലും കുടുംബശ്രീയാണു ഭക്ഷണം നല്‍കിയത്. ഇതിനുപുറമെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുടുബശ്രീയുടെ രംഗശ്രീ ട്രൂപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം  തെരുവുനാടകവും അവതരിപ്പിച്ചിരുന്നു.